Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Thursday, February 13, 2014

ഒരു ആഫ്രിക്കന്‍ ഒഴിവുകാലം-കെനിയ

അറ്റ് പോയാലും നിലക്കാത്ത അത്ര  ദൃഢമാണ് umbilical cord മായുള്ള ബന്ധം എന്ന് ഞാന്‍ മനസ്സിലാക്കുന്നു.ജീവന്‍ വേര്‍പെടുന്ന വേദനയില്‍ പിടയുബോഴും കാണാനോടിയെത്തിയ എന്നെ നോക്കി അമ്മ ദയനീയമായി പുഞ്ചിരിച്ചു.കാന്‍സര്‍ എത്ര ഭീകരമായ രോഗമാണന്ന് ഞാന്‍ കണ്ടറിഞ്ഞു.നിസ്സഹായയായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.പ്രായത്തെ അതിജീവിക്കാനായി,രോഗങ്ങളെ ചെറുത്ത് നില്‍ക്കാനായി,മരണത്തെ തോല്‍പ്പിക്കാനായി എന്നാണാവോ ഒരു ഒറ്റമൂലി ശാസ്ത്രജ്ഞര്‍ കണ്ടുപിടിക്കുന്നത്.

അമ്മയുടെ വേര്‍പാ‍ട് മനസ്സിനെ മരവിപ്പിച്ചു .ഇനി  എന്റെ വരവും കാത്ത് പടിവാതിൽക്കൽ കണ്ണും നട്ടിരിക്കാൻ ആരുമില്ല.

വര്‍ഷം ഒന്നു കഴിഞ്ഞു.എഴുത്തും വായനയും,പടം വരക്കലും ഒക്കെ നിര്‍ത്തിവെച്ചിട്ട് കാലം കുറച്ചായി.വീണ്ടും എല്ലാം പൊടി തട്ടി പുനര്‍ജ്ജനിക്കാനുള്ള ശ്രമത്തിലാണിവിടെ.

കൃസ്തുമസ്സ്[2012] ഒഴിവു കാലം Samburu Natioanal Park ല്‍ ആകാമെന്ന് വെച്ചു.എന്റെ കെട്ടടങ്ങിയ ആവേശത്തിന് വിണ്ടും  ചിറക് വിരിച്ചു.എത്ര നാഷനല്‍ പാര്‍ക്കുകള്‍ കണ്ടാലും എനിക്ക് മതി വരാറില്ല.പലരും ചോദിക്കാറുണ്ട്-sarengeti യിലും,Masai mara യിലും,Psavo വിലും,Ambaseli യിലും കാണുന്ന മൃഗങ്ങള്‍ ഒക്കെ ഒരു പോലെയല്ലേ? ഈ ചോiദ്യത്തിന് ഉത്തരമില്ല. ഓരോന്നും എനിക്ക് പുത്തന്‍ അനുഭൂതികള്‍ സമ്മാനിക്കുന്നു.

കെനിയായുടെ വടക്ക് വശത്തായി ഏതാണ്ട് 390സ്കൊയര്‍ കിലോമീറ്റര്‍ വിസ്താരത്തില്‍ പരന്ന് കിടക്കുന്നു Samburu National Reserve.കാലാവസ്ഥ ചൂടായത് കൊണ്ടാവാം മസായ് മാരയില്‍ നിന്ന് വ്യത്യസ്തമായ പല മൃഗങ്ങളേയും അവിടെ കാണാമത്രെ.Gerenuk [Giraff necked Deer], Gravy Zebra, Besia Oryx.....തുടങ്ങിയ മൃഗങ്ങള്‍ ഈ നാഷണല്‍ പാര്‍ക്കിന്റെ പ്രത്യേകതയാണ്.നാഷണല്‍ പാര്‍ക്കിനുള്ളിലെ Sarova Shaba lodge ല്‍ ഞങ്ങള്‍ ബുക്ക് ചെയ്തു.അവിടെയുള്ള രണ്ട് വംശക്കാര്‍ തമ്മിലുള്ള വഴക്ക്  പലപ്പോഴും കൊള്ളയ്ക്കും കൊലയ്ക്കും കാരണമാക്കുന്നു.ആയിടെ ഈ ലോഡ്ജില്‍ താമസ്സിച്ചിരുന്ന  ഒരു  വിനോദയാത്രക്കാരനെ    അവര്‍ ആക്രമിക്കുകയും കൊല ചെയ്യുകയും ഉണ്ടായി എന്ന വാര്‍ത്ത ഞങ്ങളെ ഈ യാത്രയില്‍ നിന്ന് പിന്തിരിപ്പിച്ചു.

പിന്നീട് ഒരു യാത്രക്ക് തയ്യാറാവുന്നത് ഈസ്റ്റര്‍ ഒഴിവുകാലത്താണ്.
കൂട്ടുകാരും വരാന്‍ തയ്യാറായി.ഈ തവണ വളരെ പ്രത്യേകതകളുള്ള ഒരു റിസോര്‍ട്ടിലാണ് ബുക്ക് ചെയ്തത്. Taita Wild Life Sanctury യുടെ നടുവില്‍ Taita hills ന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന Sarova Saltlick Lodge ൽ .

പുലര്‍ച്ചെ ഏഴുമണിയോടെ ഞങ്ങളുടെ   Safari van എത്തി.വാനിന്റെ   ഡ്രൈവര്‍ കം ഗൈഡ്,ജെയിംസ് ഞങ്ങളെ അഭിവാദ്യം ചെയ്തു.വാനില്‍ പതിവ് പോലുള്ള എല്ലാ സജ്ജീകരണങ്ങളുമുണ്ട്.

മൃഗങ്ങളെ നന്നായി കാണാന്‍ മുകള്‍ഭാഗം തുറക്കാനാവുന്ന എട്ടു സീറ്റുകൾ ഉള്ള Fourwheel Drive വാഹനമാണ്. വിപത്ഘട്ടത്തിൽ രക്ഷാധികാരികളുമായി സമ്പർക്കം  പുലർത്താനും മൃഗങ്ങള്‍  എവിടെ ഉണ്ടെന്ന് മറ്റുള്ള വിനോദസഞ്ചാരികളെ  അറിയിക്കാനും  Wireless  സൌകര്യം   ഇതിലുണ്ട്.
cool boxല്‍ യാത്രികര്‍ക്കായി mineral water bottles കരുതിയിട്ടുണ്ട്.

കൂട്ടുകാരെ പോകും വഴി പിക്ക്  ചെയ്തു.എല്ലാവരും വിനോദയാത്രയുടെ ഉത്സാഹത്തിലാണ്.മൊംബാസാ റോഡിലൂടെയുള്ള യാത്ര വളരെ സുഖകരമായിരുന്നു.റോഡിനിരുവശത്ത്  മഴക്കാലത്തെ വരവേല്‍ക്കാനായി  പൂത്തുലഞ്ഞുനില്‍ക്കുന്ന  പര്‍പ്പിള്‍ നിറത്തിലുള്ള ജാക്കറാൻഡാ മരങ്ങള്‍ മനസ്സിന് കുളിര്‍മ്മ നല്‍കി.ഉണ്ടാക്കി കൊണ്ടുവന്ന പരിപ്പ് വടയും ഉണ്ണിയപ്പവും യാത്രക്ക് എരിവും മധുരവും പകര്‍ന്നു.

                                                    jacaranda tree


ഏതാണ്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ Makindu എന്ന ടൌണില്‍ എത്തി.ഇവിടെ മനോഹരമായ,പ്രസിദ്ധമായ ഒരു ഗുരുദ്വാര [Panjabi Temple] ഉണ്ട്.ഇവിടെ ഇറങ്ങി ഞങ്ങൾ തൊഴുതു .വിശാലമായ ഈ കംപൌണ്ടിൽ മയിലുകൾ  പീലിവിരിച്ച് ആടുന്ന പൂന്തോട്ടങ്ങൾ  ഉണ്ട്.ഭക്തർക്ക് താമസിക്കാനായി എല്ലാ സൌകര്യങ്ങളുമുള്ള,വൃത്തിയുള്ള  മുറികളുണ്ട്.
ഏത് സമയത്തും വഴിയാത്രക്കാർക്ക്‌ സൌജന്യമായി ഭക്ഷണം നൽകുന്നു എന്ന ഇവിടെത്തെ  സേവനം  തികച്ചും പ്രശംസനീയമാണ്. ദൂരയാത്രക്കാര്‍ക്ക് ഇത് ഒരു അനുഗ്രഹവും.കാരണം ഈ ഹൈവേയിൽ   അടുത്തൊന്നും നല്ല ഹോട്ടലുകള്‍ ഇല്ല.

breakfastകഴിച്ചതിനുശേഷം ഞങ്ങൾ യാത്ര തുടര്ന്നു.റോഡ്നരികിൽ അവിടെയിവിടെ  സൈസാൽ  [കൈതപോലുള്ള ഈ ചെടികളുടെ ഓല  ചീന്തി ബാഗ്,കുട്ട  തുടങ്ങി  പല കരകൌശല വസ്തുക്കളും ഉണ്ടാക്കുന്നു] തോട്ടങ്ങൾ ,മേഘങ്ങളാൽ  മകുടം അണിഞ്ഞ മുട്ടക്കുന്നുകൾ ,വാഴത്തോട്ടങ്ങൾ ,ഇടക്കിടെ പരന്നു കിടക്കുന്ന ചോളവയലുകൾ .ചോളപോടി [ugali ] കുറുക്കിയതാണ് ഇവിടെത്തെ പ്രധാന ഭക്ഷണം .മഴ കുറവായത് കൊണ്ട് ഈ വഴിയിലൊന്നും നെൽ പാടങ്ങൾ ഇല്ല.വഴിയിൽ ജനവാസം കുറവായിരുന്നു.


                                                  വഴിയോരക്കാഴ്ച്ച 

ഒന്നര മണിയോടെ Sarova Taita Hills എന്ന റിസോർട്ടിൽ എത്തി .ഇത് Sarova Group ന്റെ  ഇവിടെയുള്ള മറ്റൊരു റിസോർട്ട് ആണ് .ഉച്ചഭക്ഷണം  ഇവിടെയാണ് ഒരുക്കിയിരിക്കുന്നത് .ഭക്ഷണം കേമമായിരുന്നു.എല്ലാ നാട്ടുകാർക്കും ഉതകുന്ന വിഭവങ്ങളുണ്ട് .

                                                        Sarova Taita Hills


Taita conservancyയുടെ ഉള്ളിലൂടെയാണ് ഇനിയുള്ള  യാത്ര.കുറ്റിചെടികളും , പുൽമേടകളും നിറഞ്ഞ  ഈ വനത്തിനിടയിലൂടെ  അര കിലോമീറ്റർ  യാത്ര ചെയ്തപ്പോൾ   ഞങ്ങൾ ബുക്ക് ചെയ്ത Sarova Salt Lick റിസോര്ട്ടിൽ  എത്തി ചേർന്നു. കാടിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ഒരു Stand Alone റിസോർട്ട് ആണിത് .



 96 മുറികളുള്ള, മൊത്തം   stiltന് മുകളില്‍ പണിതീര്‍ത്ത ഈ റെസോര്‍ട്ടിന്റെ Architectural marvel നെ അഭിനന്ദിക്കാതിരിക്കാനാവില്ല.തൂണ്കൾക്ക് മുകളിൽ പല കൂട്ടങ്ങൾ ആയി പണി തിർത്ത കോട്ടേജുകളെ  ഘടിപ്പിച്ചിരിക്കുന്നത് മരപ്പലകകളും കയറും കൊണ്ട് നിർമ്മിച്ച  തൂക്കുപാലങ്ങൾ  കൊണ്ടാണ് .
                                               
     
                                                                                                                                                   Sarova saltlick lodge[waterhole ന് മുന്നിൽ മരത്തിന് താഴെ തുരങ്കത്തിന്റെ ജനവാതിലുകൾ കാണാം ]

അർദ്ധ വൃത്താകൃതി യിൽ  ഉള്ള മുറികൾ .റിസോർട്ടിന്  മുന്നിൽ   ആഴമില്ലാത്ത ചെറിയ ഒന്നു രണ്ട്    കുളങ്ങളുണ്ട്.ഇതിലെ വെള്ളം കുടിക്കാനായി പല മൃഗങ്ങളും  എത്തി ചേരും .ഏത് മുറിയിൽ നിന്ന് നോക്കിയാലും ഇത് കാണാം.ഈ വെള്ളത്തിൽ  ഉപ്പ് ചേർക്കുന്നതിനാൽ  മൃഗങ്ങൾക്ക് ഇത് രുചിക്കാനുള്ള addiction നും ഉണ്ടാവുന്നു .

മൃഗങ്ങളെ അടുത്തു ചെന്ന് കാണാനായി  ഹോട്ടലിൽ  നിന്ന്കുളം  വരെ ഒരു തുരംങ്കം  ഉണ്ടാക്കിയിട്ടുണ്ട്.അതിന്റെ  ജനവാതിലിലൂടെ,വെള്ളം കുടിക്കാനെത്തുന്ന  മൃഗങ്ങളെ ശല്യം ചെയ്യാതെ  ഭംഗിയായി  കാണാം.

യാത്രാക്ഷീണം  മാറ്റാനായി  മുറിയിൽ ചെന്ന് കുറച്ചു നേരം വിശ്രമിച്ചു .മനോഹരമായി അലങ്കരിച്ച മുറികൾ .

                                           Sarova Saltlick lodge മുറിക്കുള്ളിൽ

നാലുമണിയോടെ  ഞങ്ങൾ  കാപ്പി  കുടിക്കാനായി  റസ്റ്റൊറണ്ടിലേക്ക് നടന്നു.ഞങ്ങളുടെ  മുറി  ഒരറ്റത്തായതിനാൽ  പല തൂക്കുപാലങ്ങൽ കടന്നാണ് അവിടെ എത്തിയത് .



റസ്റ്റൊറണ്ടിന്റെ  വരാന്തയിലിരുന്ന് വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ കണ്ട്   ഞങ്ങൾ കാപ്പിയും  കുകീസും  കഴിച്ചു .



                                                                             restaurant 

ഇവിടെ ഒരു  cosmopolitanism എനിക്ക് കാണാൻ കഴിഞ്ഞു.വിവിധ തരത്തിലുള്ള മൃഗങ്ങൾ  വലിപ്പച്ചെരുപ്പമില്ലാതെ   ഒരുമയോടെ വെള്ളം കുടി ക്കുന്നു.മാൻ, സീബ്രാ,ബബൂണ്‍ [വലിയ തരം കുരങ്ങന്മാർ ],കാട്ട്പോത്ത് ,ആന,വാട്ടർ ബക്സ് [ഒരു തരം മാൻ ].....ഇങ്ങിനെ വ്യത്യസ്ത  മൃഗങ്ങൾ .

റെസ്റ്റൊറണ്ട്  സന്ദർശിക്കാനെത്തിയ  ചുവന്ന നീണ്ട  കൊക്കുള്ള  Hornbill പക്ഷി വളരെ മനോഹരമായിരുന്നു.

                                                                  Red-Billed Hornbill

ഈ താഴ്വരയിൽ അധികഭാഗം പുൽമേടയും   അവിടെയിവിടെ  ചെറിയ മരങ്ങളും    മാത്രമായതിനാൽ മൃഗങ്ങൾ വരുന്നത് ദൂരത്ത് നിന്ന് തന്നെ കാണാം .അതിര് കാക്കുന്ന കുന്നുകൾ  നീണ്ടു കിടക്കുന്നു .



.


വൈകുന്നേരമായപ്പോൾ  restaurant സജീവമായി.മധുരമായ പാശ്ചാതല സംഗീതം ആസ്വദിച്ച് കുന്നുകൾക്കിടയിലേക്ക്  ഇറങ്ങി വരുന്ന അസ്തമയസൂര്യനെ കണ്ട് കുളിരുള്ള അന്തരീക്ഷത്തിൽ ഞങ്ങൾ ഏറെ  നേരം ഇരുന്നു.

രാത്രി ഭക്ഷണത്തിനുള്ള സമയമായിരിക്കുന്നു.വൈവിധ്യമായ,രുചികരമായ പല വിഭവങ്ങളുമുണ്ട്.ഭക്ഷണത്തിനു  ശേഷം പല കലാപരിപാടികളും ഒരുക്കിയിരുന്നു.ഇംങ്ലീഷിലും,സ്വാഹിളിയിലും  [കേനിയായിലെ ഭാഷ ] ചില നല്ല പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു.പലരും പാട്ടിന്റെ താളത്തിനൊത്ത് നൃത്തം വെച്ചു.



ഒരു ആന കൊമ്പൻ    രാത്രിയായിട്ടും തിരിച്ചു പോകാനുളള ലക്ഷണമില്ല അവനെ ഈ വെളിച്ചവും,സംഗീതവും,ഉല്ലാസഭരിതരായ ജനങ്ങളും  ഉന്മത്ത നാക്കിയിരിക്കുന്നു.വലിയ ചെവിയാട്ടി  കുണുങ്ങി കുണുങ്ങി അവൻ റെസ്റ്റൊറണ്ടിന്റെ  മുന്നിലൂടെ പല വട്ടം നടന്നു. ഫോട്ടോ  എടുക്കാനായി എത്തി യ  ആരാധകരെ നോക്കി അവൻ തുമ്പികൈ ഉയർത്തി അഭിവാദ്യം ചെയ്തു.






ഉറങ്ങാനായി  ഞങ്ങൾ മുറിയിലേയ്ക്ക് തിരിച്ചു.സുഖമായി ഉറങ്ങി -ചിന്ഹം വിളി നിദ്രാഭംഗം വരുത്തിയില്ല.

വെളുപ്പിന് നേരത്തേ ഉണർന്നു .Taita Hills Wildlife Sanctuary യിലേക്ക്  game driveന്
[മൃഗങ്ങളെ കാണാനുള്ള വിനോദയാത്ര] പോകണം.
വെയിലില്ലാത്തതിനാൽ   മൃഗങ്ങൾ പുറത്തിറങ്ങുന്ന സമയമാണ്.ആറ ര മണിയോടെ   ഞങ്ങൾ പുറപ്പെട്ടു .


                                                     Taita Hills Wildlife Sanctuary Gate

മഞ്ഞിൻകണങ്ങൾ  തങ്ങിനിൽക്കുന്ന പുൽമേട്ടിൽ ശാന്തമായി   മേയുന്ന  മാൻപേടകൾ തലയുയർത്തി   കണ്ണ്  വിടർത്തി   ഞങ്ങളെ നോക്കി .





മൂടൽ  മഞ്ഞിന്റെ തണുപ്പിൽ അലസതയോടെ കിടക്കുന്ന  സിംഹങ്ങൾ. 



 അകേഷ്യ മരത്തിൻ മുള്ളുകൾക്കിടയിൽ  ഇലകൾ തിരയുന്ന ജിറാഫ്‌ .



വെയിലത്ത്‌ പുല്ലരികൾ കൊത്തി നടക്കുന്ന ഒട്ടകപക്ഷി കുടുംബം .


  
തലവനെ അനുസരണയോടെ വരി തെറ്റാതെ  പിന്തുടരുന്ന  പെണ്ണാനകളും കുട്ടികളും .



തുഞ്ചത്ത് മരച്ചില്ലയിൽ വെയില് കായുന്ന പരുന്ത് .




ഉണക്കമരച്ചില്ലയിലിരുന്ന് പാടുന്ന horn bill പക്ഷി .

         മയിൽ പീലിതൂവൽ ഉള്ള ,മുത്തിമണി കണ്ണുകളുള്ള സുന്ദരിക്കിളി .


ഇങ്ങിനെ വിവിധ  നിറത്തിലുള്ള പക്ഷികളെയും,പല തരത്തിലുള്ള   മൃഗങ്ങളേയും ഞങ്ങൾ കണ്ടു.

ഇവിടെ സസ്യഭുക്കുകൾക്ക് കഴിക്കാൻ ധാരാളം പുല്ലും കുറ്റിച്ചെടികളും ഉണ്ട് മാംസഭുക്കുകൾക്ക് ഭക്ഷിക്കാൻ ധാരാളം സസ്യഭുക്കുകളുണ്ട്.

മനസ്സ് നിറഞ്ഞു .10 മണിയോടെ ഹോട്ടലിൽ തിരിച്ചെത്തി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.

റുമിൽ എത്തി കുളിയും ഡ്രെസ്സിങ്ങും കഴിഞ്ഞ് Sarova Taita HIlls ലേക്ക് പുറപ്പെട്ടു അവിടെ നേരം പോക്കിനായി  സ്വിമ്മിംഗ് പൂളും ,പല ഇൻഡോർ ഗെയ്മ്സും 
ഉണ്ട് .അന്തരീക്ഷം തണുപ്പായതിനാൽ സ്വിമ്മിംഗ് പൂളിൽ ഇറങ്ങാനൊന്നും തോന്നിയില്ല .ഗാർഡനിൽ ചുറ്റി നടന്നു.പലരും  ടെബിൾ ടെന്നീസ് കളിച്ചു.



                                        കൂട്ടുകാരുമൊത്ത് -Sarova Taita Hills

.
വിഭവ സമൃദ്ധമായ  ഉച്ചഭക്ഷണത്തിനു  ശേഷം വിണ്ടും ഞങ്ങളുടെ റിസോർട്ടിലേക്ക് യാത്ര തിരിച്ചു.Sarova Salt Lickൽ എത്തി വാനിൽ നിന്ന് ഇറങ്ങാൻ നോക്കുമ്പോൾ കണ്ട കാഴ്ച്ച  ഹൃദയമിടിപ്പ് അല്പ നേരത്തേക്ക് നിലപ്പിച്ചു .

ഒരു ആനക്കൂട്ടം തൊട്ട് മുന്നിൽ!!! .ഹോട്ടലിന്റെ പടി വാതിലിൽ ഉള്ളത് മുൾച്ചെടികൾ കൊണ്ടൊരു വേലി മാത്രമാണ്.നിശബ്ദരായി ,ശ്വാസമടക്കി, ഞങ്ങൾ ഹോട്ടലിനുള്ളിലേക്ക് ഓടിക്കയറി .എന്നും ഇത് പതിവ് കാഴ്ച്ച  ആയതിനാലാവാം ആനകൾ അക്രമാസക്തരല്ലാത്തത് .



                                              Sarova Salt lick Resort-Entrance

സന്ധ്യയായതോടെ  വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളുടെ  എണ്ണം വർദ്ധിച്ചു വന്നു .റിസോർട്ടിന്റെ മുന്നിൽ കൂടി നടന്നു നീങ്ങുന്ന elephant parade കണ്ട്  ഞങ്ങൾ അത്ഭുതസ്തംഭരായി   നിന്നു .ആനകൾ ഹോട്ടലിന് താഴെയുള്ള  തൂണുകൾക്കിട യിലൂടെ  നടന്നപ്പോൾ അല്പം ഭയം തോന്നി.




Psavo East National Park ന്റെ ഒരു ഭാഗമാണ് Taita hills sanctuary. ഇവിടെ കണക്കു പ്രകാരം  ഏതാണ്ട് 13000 ആനകൾ ഉണ്ട്.ഈ നിരുപദ്രവകാ രികളായ  മൃഗങ്ങളെ  ആനക്കൊമ്പിനായി കൊല്ലുന്ന നിഷ്ുരരായ   poachersനോട് എനിക്ക് അവജ്ഞ തോന്നി. 350ആനകളെയാണ്  കഴിഞ്ഞ വർഷം ഇവർ കൊന്നത്.2013 ജനുവരിയിൽ 11 അംഗമുള്ള ഒരു ആനക്കുടുംബത്തെ ഒന്നടക്കം കൊന്നത് രാജ്യത്തെ ഞെട്ടിച്ചു .




കൂട്ടത്തോടെ വന്ന് വെള്ളം കുടിക്കുന്ന കാട്ടിൻ പോത്തുകളെ ഞങ്ങൾ അതിശയ ത്തോടെ  നോക്കി  നിന്നു.




ഇവിടെ ഈ കുളത്തിൽ വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ നോക്കി എത്ര നേരമിരുന്നാലും മടുപ്പ് തോന്നില്ല.

പിറ്റെന്ന് എഴുന്നേറ്റ് മടക്കയാത്രക്കൊരുങ്ങി വിണ്ടും ഇവിടെ വരാൻ സാധിക്കുമോ എന്നറിയില്ല.എന്നും മനസ്സിൽ സൂക്ഷിക്കാനായി ഒരു പിടി നല്ല അനുഭവങ്ങളുമായി ഞങ്ങൾ നെയ്റോബിയിലേക്ക്[കെനിയയുടെ തലസ്ഥാനം ] മടങ്ങി .




1.Click here to see video of Sarova Salt-lick Lodge

2.click here to see video of Elephants near Sarova Salt-Lick Resort Entrance









Tuesday, October 11, 2011

ഒരു ആഫ്രിക്കന്‍ സഫാരി

കുട്ടികളുടെ ബഹളമില്ലാതെ ഞങ്ങളുടെ ദിവസങ്ങള്‍ പലതും വിരസമായിരുന്നു. ഉണ്ണിയും,ധനുവും കൃസ്തുമസ്സ് ഒഴിവുകാലത്ത് വരുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ സന്തുഷ്ടരായി. മൂന്നുമാസം മുന്നേതന്നെ ഒരുക്കങ്ങള്‍ തുടങ്ങി.അവര്‍ക്കിഷ്ടപ്പെട്ട അച്ചാറുകളും, പലഹാരങ്ങളും ഒരുക്കി ഞാന്‍ ദിവസങ്ങള്‍ എണ്ണി.

2008 ജനുവരിയിലാണ് അവര്‍ ആദ്യമായി കെനിയായില്‍ വന്നത്.ഇവിടെത്തെ ഇലക്ഷന്‍ കഴിഞ്ഞ് ആര് പ്രസിഡെണ്ടാവണം എന്ന ചേരി തിരിഞ്ഞുള്ള കലാപം  നടക്കുന്ന കാലം. ഹിംസയും തീവെപ്പും നാടാകെ. പുറത്തിറങ്ങാതെ ഞങ്ങള്‍ രണ്ടാഴ്ച്ച കഴിച്ചുകൂട്ടി..  ഇപ്പോള്‍ അന്തരീക്ഷം ശാന്തമാണ്. coalition government ഉണ്ടാക്കി  രണ്ട്  ഗ്രൂപ്പും  രമ്യതയിലെത്തി. അതിനാല്‍ ഈ തവണ വെക്കേഷന്‍ കേമമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. പോകേണ്ട സ്ഥലങ്ങള്‍ മുന്നേ തീരുമാനിച്ചു. ലോകപ്രസിദ്ധമായ മസായ്-മാര ഗേയിം പാര്‍ക്കും, വെള്ളമണല്‍ വിരിച്ച അതി മനോഹരമായ ഡയാനി ബീച്ചും സന്ദര്‍ശിക്കാന്‍ ഹോളിഡേ പാക്കേജ് ബുക്ക് ചെയ്തു.

എന്റെ ഹോളിഡേ പ്ലാനുകള്‍ കേട്ട് കുട്ടികള്‍ വളരെ ആവേശഭരിതരായി.കനഡായിലെ തിരക്ക് പിടിച്ച ജീവിതരീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ, അലസമായ, രാജകീയമായ,നെയ് റോബി [കെനിയായുടെ തലസ്ഥാനം]  ജീവിതവും സുഖമുള്ള തണുത്ത കാലാവസ്ഥയും   അവര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.അവരുടെ പാട്ടും,ബഹളവും ഉറങ്ങികിടന്നിരുന്ന ഞങ്ങളുടെ വീടിനെ  ഉണര്‍ത്തി.

ഡിസംബര്‍ 28ന് ഞങ്ങള്‍ നേരത്തെ ഉണര്‍ന്ന്  മസായ്-മാര  യാത്രക്കൊരുങ്ങി. പുലര്‍ച്ചെ  6മണിക്ക് ഞങ്ങള്‍ക്ക് പോകാനുള്ള വാന്‍ എത്തി. 8 സീറ്റുകള്‍ ഉള്ള, മുകള്‍വശം തുറക്കാന്‍ സൌകര്യമുള്ള വാന്‍. ഉള്ളില്‍ Wireless radio system ഉണ്ട്. കാട്ടിലെങ്ങാനും കുടുങ്ങിപോയാല്‍ സമ്പര്‍ക്കം പുലര്‍ത്താനും, മൃഗങ്ങള്‍ എവിടെയുണ്ടെന്ന വിവരങ്ങള്‍  അറിയുവാനും ഇത് ഉപകരിക്കും.മൃഗങ്ങളെ കണ്ടാല്‍ ഡ്രൈവര്‍മാര്‍ അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്നത് ഇതിലൂടെയാണ്. അജാനബാഹുവായ ഞങ്ങളുടെ ഡ്രൈവര്‍-കം-ഗൈഡ് , ബെന്‍സെന്‍ ഹൈ സ്പിരിറ്റില്‍ ആണ്.




നെയ് റോബിയില്‍ നിന്ന് 7 മണിക്കൂര്‍ എടുക്കും മസായ്-മാരയിലെത്താന്‍.  വഴിയുടെ ഇരുവശത്തും കുന്നും താഴ്വരകളും,സൈസാല്‍ തോട്ടങ്ങളുമാണ്. സൈസാല്‍   കൈത പോലെയാണ്. ഇതിന്റെ ഇല ചീന്തി കുട്ട, ബാഗ് , പല തരം അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കി വരുന്നു. വഴിയില്‍ നിര്‍ത്തി കൊണ്ടുവന്ന ബ്രേയ്ക്ക് ഫാസ്റ്റ് കഴിച്ചു.


ഞങ്ങള്‍ മൂന്ന് വര്‍ഷം മുന്നെ  നടത്തിയ സാഹസികമായ മസായ്-മാര  ട്രിപ്പ് എന്റെ ഓര്‍മ്മയിലെത്തി. അന്ന് ,രാത്രി ടെന്റിന് പുറത്ത്  ഹിപ്പോവിന്റെ ശബ്ദം കേട്ട് സിംഹമാണെന്ന് കരുതി പേടിച്ച് വിറച്ചതും, നിര്‍ത്താതെ പെയ്ത മഴയില്‍ മാര നദി നിറഞ്ഞൊഴുകിയപ്പോള്‍ ഞങ്ങളുടെ വാന്‍   നദി മറികടക്കാനാവാതെ [പാലമില്ലാത്തതിനാല്‍] കാട്ടില്‍ കുടുങ്ങി പോയതും,മസായികള്‍ [മസായ്-മാരയിലും ചുറ്റുപാടും താമസിക്കുന്ന വര്‍ഗ്ഗക്കാര്‍]] വന്ന് വന്യമൃഗങ്ങളില്‍ നിന്ന് ഞങ്ങളെ സംരക്ഷിക്കാനായി വാനിന്റെ അടുത്ത് തീയിട്ട്  രാത്രി  കാവലിരുന്നതും ഇന്നലെ കണ്ട ഒരു ദു:സ്വപ്നം പോലെ തോന്നി. അതിനാല്‍ ഈ തവണ നദിയുടെ മറുവശത്തുള്ള മാര-സിംബ [സിംബ=സിംഹം]  എന്ന ഹോട്ടലാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.


                                                                         മസായ്     


                              2008 ലെ മസായ്-മാര യാത്രയില്‍ നദി കടക്കുന്ന  ചിത്രം

 ഏതാണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മനോഹരമായ rift valleyയില്‍ എത്തി. അഗ്നി പര്‍വ്വതം പൊട്ടി ഭൂമി പിളര്‍ന്നുണ്ടായ  ഈ  വാലിയില്‍  hot water springs അവിടെയിവിടെയായുണ്ട്.6000മൈല്‍ നീണ്ട ആഫ്രിക്കന്‍ റിഫ്റ്റ് വാലി,വടക്ക് ലെബനോനില്‍ നിന്ന് തുടങ്ങി തെക്ക് മൊസാമ്പിക്ക് വരെ നീണ്ടു കിടക്കുന്നു. റിഫ്റ്റ് വാലി  വ്യൂ പോയിന്റില്‍ നിന്ന് ഞങ്ങള്‍ കുറച്ച് ചിത്രങ്ങള്‍ എടുത്തു.


ഇരുവശത്തും  കുറേ ക്യൂരിയോ ഷോപ്പുകളാണ്.  മരം കൊണ്ടും തോലു കൊണ്ടും  വിവിധ തരം മാസ്കുകള്‍, ചെണ്ട, കറുത്ത എബൊണി മരത്തില്‍ കടഞ്ഞെടുത്ത മനോഹരമായ മാന്‍, ജിരാഫ്, ഹിപ്പോ, ആന.....സോപ്പ്-സ്റ്റോണില്‍ നിര്‍മ്മിച്ച ശില്‍പങ്ങള്‍, പ്ലെയ്റ്റ്സ്.....പലനിറത്തിലുള്ള കല്ലുകള്‍ മിനുക്കി കോര്‍ത്തിണക്കിയ മാലകള്‍......
.

                                                        Rift valley view-point


                                                                         Rift valley


                                                                  


                                                                        Curio shop

ഒരുമണിയോടെ ഞങ്ങള്‍ മാര-സിംബയില്‍ എത്തിച്ചേര്‍ന്നു. വളരെ Eco-friendly ആയ ഹോട്ടല്‍. കാടിന് നടുവില്‍ മരങ്ങള്‍ അധികം നശിപ്പിക്കാതെ ഓലയും മരവും ഉപയോഗിച്ച് പണിതീര്‍ത്ത 30ഓളം കോട്ടേജുകള്‍. എല്ലാ സൌകര്യങ്ങളും ഉള്ള മനോഹരമായി അലങ്കരിച്ച മുറികള്‍.


ഒഴിവുകാലമായതിനാല്‍ വിനോദസഞ്ചാരികളാല്‍ നിറഞ്ഞിരിക്കുന്നു.ഉച്ചഭക്ഷണത്തിനായി താഴേക്കിറങ്ങി മരങ്ങള്‍ക്കിടയിലൂടെയുള്ള നടപ്പാതയിലൂടെ നടന്നു. അപ്പോള്‍ കൌതുകകരമായ ഒരു കാഴ്ച കണ്ടു.   കുറേ ബബൂണുകള്‍ [വളരെ വലിയ കുരങ്ങന്മാര്‍] വരി വരിയായി നടന്നു പോകുന്നു. കുട്ടിക്കുരങ്ങന്മാര്‍ അച്ഛ്നമ്മമാരുടെ പുറത്താണ് സവാരി.


                                                     Reception-Mara-Simba


                                                                Mara-Simba Cottage


                                                          cottage-roomന് മുന്നില്‍


                                                           Outside the Cottage

റെസ്റ്റോറെണ്ട്, ചുറ്റും തുറന്ന വിസ്താരമുള്ളതാണ്. ഇന്ത്യന്‍ ഡിഷസുകളടക്കം  പലതരം വിഭവങ്ങള്‍ നിറഞ്ഞ buffet lunch. ഇന്ത്യയില്‍ നിന്ന് വിനോദയാത്രക്ക് വന്ന പലരേയും കാണാന്‍ കഴിഞ്ഞു. റെസ്റ്റോറെന്റിന്റെ തൊട്ട് താഴെ വീതികുറഞ്ഞ ഒരു നദിയാണ്.[അധികം വെള്ളമില്ലാത്തതിനാല്‍ എനിക്ക് അത് ചെളി കെട്ടികിടക്കുന്ന ഒരു കനാലായാണ് തോന്നിയത്] അതില്‍ നിറയെ ഹിപ്പോപൊട്ടാമസ്സ്. അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന ഹിപ്പോ കുടുംബം ഇടക്കിടെ പുറത്ത് വന്ന് വെയില്‍ കായുന്ന കാഴ്ച കാണേണ്ടതു തന്നെ. മരച്ചില്ലകളില്‍ നിറയെ കലപില കൂട്ടുന്ന മഞ്ഞകിളികളും കൂടുകളും.


                                       റെസ്റ്റോറെണ്ടിന്റെ താഴെ കാണുന്ന കാഴ്ച

ഭക്ഷണത്തിനു ശേഷം  വിശ്രമിക്കാനായി മുറിയിലേക്ക് തിരിച്ചു.റൂമിന്റെ അടുത്തുള്ള മരത്തിന് കീഴില്‍ 50തോളം കീരികളും കുട്ടികളും. വൈകിയിട്ട് 4-6വരേയാണ് ഇന്നത്തെ ഗെയിം ഡ്രൈവ് [മൃഗങ്ങളെ കാണാന്‍ മസായ്-മാര നാഷണല്‍ പാര്‍ക്കിലേക്ക്]. പാര്‍ക്ക് എന്നാല്‍ 1500km2 വിസ്താരമുള്ള savanna grass land [പുല്‍മേട്ടില്‍ അവിടെയിവിടെയായി ചെറിയ മരങ്ങള്‍] ആണ്.അതിനാല്‍ മൃഗങ്ങളെ കാണാന്‍ എളുപ്പമാണ്.

                                                             ഗെയിം ഡ്രൈവ്

പാര്‍ക്കിലേക്ക് കടക്കാന്‍ ടിക്കറ്റ് എടുത്തു. big-fiveനെ [ആന,സിംഹം,റൈനൊ,പുള്ളിപുലി,കാട്ട്പോത്ത്]  കാണിച്ച് തരണമെന്ന് ഞങ്ങള്‍  ബെന്‍സനോട് ആവശ്യപ്പെട്ടു.

ജിറാഫും,സീബ്രയും,പല തരം മാനുകളും[impala,gazelle,black-buck,dik-dik,toppy..] കാട്ടുപന്നിയും, ഹൈനയും  പുല്‍മേട്ടില്‍ ഉടനീളം ധാരാളമുണ്ട്. വണ്ടികള്‍കണ്ട് അവര്‍ ഒന്ന് തലപൊക്കി നോക്കുക പോലും ചെയ്യുന്നില്ല.ഇത് അവര്‍ക്ക് നിത്യ സംഭവമാണല്ലോ.

                                                                

                                                                           Hard Beasts


വഴി മുറിച്ച് കടക്കുന്ന ആനകൂട്ടങ്ങള്‍ക്കായി ബെന്‍സന്‍ വണ്ടി നിര്‍ത്തി.ആനക്കുട്ടികളുടെ കൂടെയാണെങ്കില്‍ അവര്‍ അക്രമാസക്തരാവും. വലിയ പരന്ന ചെവികളുള്ള ആഫ്രിക്കന്‍ ആനക്കൂട്ടങ്ങള്‍  ചിഹ്നം വിളിയും, മണ്ണുകുത്തലും ഒക്കെയായി ചുറ്റുവട്ടത്ത് നിറയെയുണ്ട് . mds പേടിച്ച് വേഗം വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ പറഞ്ഞു. ബെന്‍സന്‍, ‘ഞാനില്ലേ’ എന്ന് പറഞ്ഞ് ചിരിക്കുന്നുണ്ട്. കുട്ടികള്‍ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്.


                                             റോഡ് മുറിച്ച് കടക്കുന്ന ആനകുടുംബം

 ഞങ്ങളുടെ വാനിന്റെ ടയര്‍ ഒരു ചാലില്‍ പെട്ടെന്ന് കുരുങ്ങി പോയി.  പുറത്തിറങ്ങി ശരിയാക്കാമെന്ന് വെച്ചാല്‍ സിംഹക്കൂട്ടത്തിന് വിരുന്നാവും.10 അടി അകലെ 4 സിംഹങ്ങളും 10ല്‍ പരം കുട്ടികളും - ഉറക്കം തൂങ്ങിയിരിക്കുന്ന  അമ്മമാരുടെ അടുത്തായി ,സിംഹക്കുട്ടികള്‍ പൂച്ചക്കുട്ടികളെ പോലെ കടിപിടികൂടിയും സമ്മര്‍സോല്‍ട്ട് അടിച്ചും കളിക്കുന്നുണ്ട്. കുറേ നേരത്തെ പരിശ്രമത്തിന് ശേഷം ടയല്‍ പുറത്ത് വന്നു.ഹാവൂ.ആശ്വാസമായി.


                               പോക്ക് വെയില്‍ കൊള്ളുന്ന അമ്മമാരും മക്കളും

നേരം പോയതിനാല്‍ ഇനി ഗെയിം ഡ്രൈവ് നാളെ വെളുപ്പിനാണ്. രാത്രി  ഹോട്ടലില്‍  മസായ് ഡാന്‍സ് ഉണ്ടായിരുന്നു. പെട്ടെന്ന് ഡൈനിങ്ങ് ഹാളിലെ ലൈറ്റുകള്‍ അണഞ്ഞു..പാട്ടും ചെണ്ടമേളവും ആയി നൃത്തം ചെയ്ത്കൊണ്ട് chefഉം, സഹായികളും കേയ്ക്കും മെഴുകുതിരികളുമായി പല മേശകളും ചുറ്റി. ഞങ്ങളും  ആ ആഘോഷത്തില്‍ പങ്ക് കൊണ്ടു. ഒരു അതിഥിയുടെ  പിറന്നാള്‍ ആഘോഷം ആണെത്രെ.


 Restaurant


കാലത്ത് 6 മണിക്ക് ഉണര്‍ന്ന് മോണിങ്ങ് ഡൈവിന് തയ്യാറായി. ചായ കുടിക്കാന്‍ റെസ്റ്റോറെണ്ടില്‍ ചെന്നപ്പോള്‍ പുറം മതിലില്‍ ഒരു കറുത്ത കുരങ്ങന്‍ ഇരിക്കുന്നുണ്ട്. ഞാന്‍ മേശക്കടുത്തിരുന്ന് അതിനെ -come,come...എന്ന് വിളിക്കേണ്ട താമസം അവന്‍ ഓടി എന്റെ അടുത്തെത്തി.ഞാന്‍ ജീവനും കൊണ്ടോടി.ഹിഹി. വെള്ളക്കാര്‍ ധാരാളം വരുന്നതിനാലാവാം ഈ കുരങ്ങന് ഇംഗ്ലീഷ് അറിയുന്നത്.

തണുത്ത പ്രഭാതത്തില്‍ മഞ്ഞിന്‍ കണങ്ങള്‍ തങ്ങി നില്‍ക്കുന്ന പുല്‍മേട് കൂടുതല്‍ ഉന്മേഷം നല്‍കി.പുല്ല് അയവിറക്കി നില്‍ക്കുന്ന കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍. അവരുടെ മുതുകില്‍ സല്ലാപം നടത്തുന്ന സുന്ദരികളായ കുഞ്ഞിക്കിളികള്‍. റോഡരികത്ത് നിറയെ ഗിനി പക്ഷികള്‍. അതിമനോഹരമായ സ്വര്‍ണ്ണകിരീടധാരികളായ gold-crown birds. മണ്‍കൂനക്ക് മുകളിലിരുന്ന് പാടുന്ന  മഞ്ഞക്കാലുള്ള ചേതോഹരമായ വിവിധവര്‍ണ്ണപക്ഷി. നിണ്ടകാലുകളുള്ള ,കരുത്തരായ , ഒട്ടകപക്ഷികള്‍.


                                                               Wild Buffalo


                                                        gold-crown bird


  


                                                                     ഒട്ടകപക്ഷികള്‍

പെട്ടെന്ന് ബെന്‍സന്‍ വാന്‍ നിര്‍ത്തി.മുന്നിലെ റോഡില്‍ ഒരു പെണ്‍സിംഹം കിടക്കുന്നു .വാഹനത്തിന്റെ ഒച്ചയൊന്നും കൂസാതെ ഞങ്ങളെ വഴിമുടക്കിയ, അതൊന്ന് അവിടേനിന്ന് എഴുന്നേല്‍ക്കാന്‍  ക്ഷമയോടെ ഞങ്ങള്‍ കാത്ത് നിന്നു.

                                                   വഴിയില്‍ കിടക്കുന്ന സിംഹം

മൃഷ്ടാനഭോജനം കഴിഞ്ഞാണെന്ന് തോന്നുന്നു സിംഹരാജന്‍ ഒറ്റക്ക് തണലത്ത് പള്ളിയുറങ്ങുന്നുണ്ട്.പതിയിരിക്കുന്ന ആപത്ത് അറിയാതെ പുല്‍മേട്ടില്‍ മേഞ്ഞു നടക്കുന്ന സൌമ്യമായ മാന്‍ പേടകള്‍.






                                                                            Gazelle

 ചിത്രകാരന്‍ ചായം ചാലിച്ച് വരച്ചത്പോലെ മനോഹരമായ കറുത്ത  വരകളുള്ള തടിച്ച് കൊഴുത്ത സീബ്രാകള്‍.പ്രൌഡിയില്‍ തലയുയര്‍ത്തി അകേഷ്യ മരങ്ങളുടെ ഇലയും,മുള്ളും തിന്നുന്ന ജിറാഫുകള്‍. ഇതിനിടയില്‍ ശീഘ്രത്തില്‍ ഓടുന്ന പൂവാലുള്ള സൂത്രക്കാരായ കുറുക്കന്മാര്‍.ചെറിയ വാല്‍ മേല്‍പ്പോട്ട് പൊക്കി ഓടുന്ന കാട്ടുപന്നികള്‍. അവിടെയിവിടെയായി അലഞ്ഞു തിരിയുന്ന  തീരെ ഭംഗിയില്ലാത്ത ഹൈന [കഴുതപുലി].ഗര്‍വ്വോടെ നടക്കുന്ന കമനീയമായ പുള്ളികളുള്ള നീണ്ടു നിവര്‍ന്ന ചെമ്പുലി [cheetah].








                                                                              Cheetah

മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങി വന്ന  double horned black rhino കുടുംബത്തെ ശ്വാസമടക്കി ഞങ്ങള്‍ കണ്ടു നിന്നു.അമ്മയുടെ പിന്നാലെ കുട്ടി റൈനൊ. കുഞ്ഞിന്റെ  പുറകില്‍ ബോഡിഗാര്‍ഡ് പോലെ പിന്തുടരുന്ന   കറുത്തു തടിച്ച  male rhino ഇടക്കിടക്ക് വാഹനങ്ങള്‍ നോക്കി ദേഷ്യത്തില്‍ മുരളുന്നുണ്ട്.കാട്ടില്‍ നിന്നിറങ്ങി വന്ന അവര്‍ ഞങ്ങളുടെ മുന്‍ വശത്ത് കൂടെ റോഡ് മുറിച്ച് കടന്ന് പോയി.


                                                   double horned black  Rhinoceros

വരിവരിയായി ജാഥപോലെ   നടക്കുന്ന മുന്നൂറില്‍ പരം wild beasts. ഇവ എല്ലാ വര്‍ഷവും ,ഒക്ടോബര്‍ മാസത്തില്‍ മസായ്-മാരയില്‍ നിന്ന് അടുത്തുള്ള Serengeti national parkലേക്ക് [Tanzania] കുടിയേറിപ്പാര്‍ക്കുന്നു. ജലദൌര്‍ലഭ്യവും,പുല്ലിന്റെ ഉയരം കുറയുന്നത് മൂലവും ആണ്  ഈ മൈഗ്രേഷന്‍ നടക്കുന്നതെന്ന് പറയപ്പെടുന്നു. പിന്നീട് ജൂണ്‍-ജൂലൈ മാസത്തില്‍ സെരങ്കേട്ടിയില്‍ നിന്ന് ഇവര്‍  മസായ്-മാരക്ക് തിരിച്ച് പോരുന്നു-1.5 മില്യന്‍ വൈല്‍ഡ് ബീസ്റ്റ്,സീബ്ര,മാനുകള്‍ ആണെത്രെ 1800മൈല്‍ പിന്നിട്ട്,മാര നദി താണ്ടി എല്ലാകൊല്ലവും ഈ യാത്രക്ക് ഒരുങ്ങുന്നത്.

                                                         
                                                                            Wild beasts

 ഈ പരേഡിന്റെ  അകമ്പടിയായി കഴുതപുലികളും,സിംഹങ്ങളും ധാരാളം കാണുമത്രെ. ഈ ഉദ്യമത്തില്‍ അനേകായിരം മൃഗങ്ങള്‍ കൊല്ലപ്പെടുന്നു-ദാഹത്താലും,സിംഹം,ചീങ്കണ്ണി തുടങ്ങിയവരുടെ ഇരയാവുന്നതിനാലും. മാര നദിയിലെ ചീങ്കണ്ണികള്‍ക്ക് ഇത് ഒരു വാര്‍ഷിക വിരുന്നാണ്.ഈ അത്ഭുതപ്രതിഭാസം  കാണാനായി ലോകമെമ്പാടുള്ള വിനോദ സഞ്ചാരികള്‍ ഇവിടെ എത്തിചേരാറുണ്ട്.ഡിസംബര്‍ ആയതിനാല്‍ ഞങ്ങള്‍ക്കിത് കാണാനായില്ല. ഇനിയൊരിക്കല്‍ മൈഗ്രേഷന്‍ സമയത്ത് ഇവിടെ വരണമെന്നുണ്ട്.

ഇത്ര സന്തോഷം നല്‍കിയ മറ്റൊരു  വിനോദയാത്ര എനിക്കുണ്ടാട്ടില്ല എന്നു തന്നെ പറയാം.പലയിടങ്ങളിലും യാത്ര ചെയ്തു. ഇവിടം തികച്ചും വിസ്മയജനകമാണ്, അത്ഭുതലോകമാണ്. മസായ് മാരയെ മാസ്മര-മാരയെന്ന് ഞാന്‍ വിളിച്ചോട്ടെ.


Wild Beasts Parade ന്റെ വീഡിയോ ക്ലിപ്  ഇവിടെ കാണാം .

ആഫ്രിക്കന്‍ ആനകൂട്ടങ്ങളുടെ വീഡിയോ ക്ലിപ്  ഇവിടെ  കാണാം

റോഡ് മുറിച്ച് കടന്ന് പോകുന്ന റൈനൊ കുടുംബത്തെ ഇവിടെ കാണാം.

കടിപിടി കൂടുന്ന സിംഹകുട്ടികളെ  ഇവിടെ കാണാം