Thursday, September 16, 2010

മരുഭൂമിയില്‍ ഒരു സായാഹ്ന സഫാരി

ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ചേട്ടന്‍ ദുബായിലേയ്ക് പോകുന്നത്.അന്ന് ദുബായ് എന്നാല്‍, ദൂരെ ദൂരെ കടലിനപ്പുറം സ്വപനങ്ങളുറങ്ങുന്ന  മണലാരണ്യമാണെന്ന ഒരു ധാരണ മാത്രമേ എനിക്കുള്ളൂ. അധികം വൈകാതെ ചേട്ടന് ബ്രിട്ടീഷ് ബാങ്കില്‍ ജോലി ശരിയായി.ഒരു വര്‍ഷത്തിന് ശേഷം നിറയെ സമ്മാനങ്ങളുമായി   ലീവില്‍ വന്ന  ചേട്ടന്റെ വലിയ പെട്ടികള്‍ തുറന്നപ്പോള്‍ മുറിയില്‍ നിറഞ്ഞ സുഗന്ധവും, നിറപകിട്ടാര്‍ന്ന സാരികളും,ഡ്രൈ ഫ്രൂട്ട്സ്സിന്റെ രുചിയും...എല്ലാം ഞങ്ങള്‍ക്ക് പുതുമയായിരുന്നു.

നെയ് റോബിയില്‍ [കെനിയായുടെ തലസ്ഥാനം ]നിന്ന്  കൊച്ചിക്ക് എത്തണമെങ്കില്‍, Emiratesല്‍ ദുബായ് വഴി പോകാം. പലരും ദുബായില്‍ സ്റ്റോപ്പ് ഉള്ളതിനാല്‍ അവിടെ ഇറങ്ങി ഷോപ്പിങ്ങ് നടത്താറുണ്ട്. എന്നാല്‍ ഞങ്ങള്‍ നെയ്റോബിയില്‍ നിന്ന് നേരിട്ട് ബോബേയിലേക്ക് പറക്കുന്നതിനാല്‍ ദുബായ് കാണാന്‍ അവസരം കിട്ടിയിട്ടില്ല. കേരളത്തില്‍ വേരുറച്ചു എങ്കിലും,ഞാന്‍ പച്ചപിടിച്ചതും പന്തലിച്ചതും  ബോംബേയിലാണ്. ന്യൂ ബോബേയിലെ വാഷി എന്ന സ്ഥലം എനിക്ക് തൃശ്ശൂര്‍ ടൌണ്‍ പോലെ പരിചിതമാണ്. അത് കൊണ്ട് ആഫ്രിക്കായില്‍ നിന്ന് നാട്ടില്‍ പോകുമ്പോള്‍ എല്ലായിപ്പോഴും ബോംബേയിലിറങ്ങി അവിടേയുള്ള വീടും,കൂട്ടുകാരേയും കണ്ടിട്ടേ നാട്ടിലെത്താറുള്ളൂ .

കഴിഞ്ഞ ഈസ്റ്റര്‍ അവധിക്കാലത്ത്  mdsന് ഒരു കോണ്‍ഫെറെന്‍സ്സ് ദുബായില്‍ ഉണ്ടായിരുന്നു. കോണ്‍ഫെറെന്‍സ്സിന് ശേഷം മൂന്ന് ദിവസ്സം ഈസ്റ്റര്‍ അവധിയായിരുന്നതിനാല്‍ ഞാനും യാത്രക്കൊരുങ്ങി. ഞങ്ങളുടെ കൂട്ടുകാരും ഈ സമയത്ത് അവരുടെ ദുബായിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോകുന്നുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചായിരുന്നു യാത്ര.

നെയ് റോബിയില്‍ നിന്ന് നാലര മണിക്കൂറിലേറെയെടുത്തു ദുബായിലെത്താന്‍. ദുബായിയുടെ  കൌബേരത  വിളിച്ചറിയിക്കുന്ന   രീതിയില്‍ അലങ്കാരങ്ങളും, ആര്‍ഭാടവും നിറഞ്ഞ ,വളരെ വളരെ വലിയ എയര്‍പോര്‍ട്ട്. ഇമിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോഴേക്കും നടന്ന് നടന്ന് കാലു കഴച്ചു. നിര്‍വ്വികാരമായ മുഖത്തോടെ പാസ്പോര്‍ട്ട് പരിശോധിക്കുന്ന ശുഭ്രവസ്ത്രധാരികളായ  ഇമിഗ്രേഷന്‍  ഓഫീസ്സേഴ്സ്സ്.  Eye scanning കഴിഞ്ഞ്  പാസ്പോര്‍ട്ടില്‍  സ്റ്റാമ്പ് അടിച്ചതിന് ശേഷം ഞങ്ങള്‍ പുറത്ത് കടന്നു.

ഹോട്ടലില്‍ നിന്നയച്ച കാര്‍ ഞങ്ങള്‍ക്കായി കാത്ത് നില്‍പ്പുണ്ടായിരുന്നതിനാല്‍ ബുദ്ധിമുട്ടില്ലാതെ അവിടെയെത്തി.ദുബായിലെ നിയമവും വകുപ്പുകളും വളരെ  strict  ആയതിനാല്‍  എല്ലാവരും  അച്ചടക്കത്തോടെ ജീവിക്കുന്നു എന്ന് കാര്‍ ഡ്രൈവര്‍  പറയുകയുണ്ടായി.ഫ്ലയ്റ്റ് വൈകിയതിനാല്‍ ഹോട്ടലിലെത്തിയപ്പോള്‍ സമയം പുലര്‍ച്ചെ ഒരു മണി  കഴിഞ്ഞിരുന്നു.

ബ്രേയ്ക് ഫാസ്റ്റ് കഴിച്ച് 9.30മണിയോടെ Mds കോണ്‍ഫെറെണ്‍സ്സിന് പോയി.ഞങ്ങളുടെ കുറെ അടുത്ത ബന്ധുക്കള്‍  ദുബായിലുണ്ട്.പലരേയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടതാണ്.അവരെയൊക്കെ ഞാന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചു. നെയ്രോബിയില്‍ നിന്ന് കൂടെ വന്നിരുന്ന കൂട്ടുകാര്‍ എന്നെ ദുബായ് ദര്‍ശനത്തിനായി ക്ഷണിച്ചു. ഞാന്‍ പിന്നീടുള്ള മൂന്നു ദിവസ്സം അവരുടെയൊപ്പം കാറിലും,ബസ്സിലും,മെട്രോയിലും സഞ്ചരിച്ച് ദുബായിലെ പല ഭാഗങ്ങളും കണ്ടു.

Dubai mall ന്റെ അടുത്ത് നിന്ന് വാനം മുട്ടി നില്‍ക്കുന്ന Burj Khalifa [ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവ്വര്-2717ft‍] കണ്ടു. എന്തോ ടെക്നിക്കല്‍ ഫോള്‍ട്ട് കാരണം അതിന്റെ മുകളിലേക്ക് കയറാനുള്ള  അനുമതി നിരോധിച്ചിരുന്നു.  ദുബായ് മാളില്‍ ഉള്ള അക്വേറിയത്തിന്റെ  വ്യൂവിങ്ങ്  ഗ്ലാസ്സിലൂടെയുള്ള   കാഴ്ച  വിസ്മയജനകമാണ്.


                                                                 Burj Khalifa at night


വീതിയേറിയ റോഡുകളും, ഇരുവശത്തും പെറ്റൂണിയ പൂക്കള്‍ നിറഞ്ഞ ഫ്ലവര്‍ ബെഡ്ഡും,വരി വരിയായി വളര്‍ത്തിയ  ഈന്തപനകളും ഞാന്‍ കൌതുകത്തോടെ നോക്കിയിരുന്നു. എല്ലാം man made മാത്രം. ഈ കോണ്‍ക്രീറ്റ് വനത്തില്‍ പച്ചപ്പ് നാമാവശേഷം. എവിടെ തിരിഞ്ഞാലും മലയാളികളെ കാണാം‍. അറബികള്‍ പേരിനുമാത്രം.

കരാമയിലെ ലുലു സെന്റര്‍ ന്റെ അടുത്തുള്ള   റെസ്റ്റോറെന്റുകളിലെ  ഭക്ഷണത്തിന്റെ രുചി ഇന്നും നാവിന്‍ തുമ്പത്തുണ്ട്. ചേട്ടനും കുടുംബവും കരാമയിലായിരുന്നു താമസ്സിച്ചിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നെ അവര്‍ നാട്ടിലേക്ക് തിരിച്ചു പോയി. കരാമയിലെ മരങ്ങളും പൂക്കളും കണ്ടപ്പോള്‍ മരുഭൂമിയാണെന്ന് തോന്നിയില്ല.


                        കരാമയിലെ ലുലു സെന്ററിനടുത്ത് നിന്നെടുത്ത ഫോട്ടോ 

രാത്രി,പല ബന്ധുക്കളും ഞങ്ങളെ കാണുവാനായെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ  ഒത്തുകൂടല്‍ തികച്ചും സന്തോഷം നല്‍കി. അവരുടെ കൂടെ Jumeira beach കാണാനിറങ്ങി. Al Ain  ല്‍  നിന്നെത്തിയ ബന്ധു , മനോഹരമായ ആ മരുപ്പച്ചയിലേക്ക് ഞങ്ങളെ ക്ഷണിച്ചു.  സമയക്കുറവ് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല.


                                                           Jumeira Beach at night


ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ കൂട്ടുകാരൊത്ത് ഒരു Desert safariക്ക് പ്ലാന്‍ ചെയ്തു.അന്ന് വൈകുന്നേരം നാല് മണിക്ക് ഞങ്ങളെ സഫാരിക്ക് കൊണ്ട് പോകാനായി കാര്‍ എത്തി.  ഡ്രൈവര്‍ ഒരു സര്‍ദാര്‍ജി ആയിരുന്നു. ‍.ഞങ്ങള്‍   ആവേശഭരിതരായി  കാറില്‍ കയറി.

മരുഭൂമി ഞാന്‍ ആദ്യമായി കാണുകയാണ്-ഞങ്ങളെല്ലാവരും സന്തോഷത്തോടെ താഴെയിറങ്ങി. കണ്ണെത്താത്ത ദൂരത്ത് പരന്ന് കിടക്കുന്ന അനന്തമായ,പ്രശാന്തമായ  മണല്‍ സാഗരം. കാറ്റിന്റെ കലാവിരുത് തെളിയിക്കുന്ന സമാന്തരരേഖകള്‍ ഉടനീളം. ..- pristine beauty എന്നല്ലാതെ മറ്റൊരു ഉപമയും എനിക്ക്  പറയാനില്ല.


                                                  കാറ്റ്   ഒരുക്കിയ കലാവിരുന്ന്


                                              പുസ്തകതാളുകളില്‍ നിന്ന് അല്പനേരം മോചനം

  


Dune bashing [മണ്‍കൂനകളുടെ മുകളില്‍ നിന്ന് താഴേക്ക് അതിവേഗത്തില്‍ മണല്‍ തരികള്‍ പറപ്പിച്ചുള്ള സാഹസയാത്ര] നായി സര്‍ദാര്‍ജി കാര്‍ ടയറിലെ എയര്‍ കുറച്ചു. ചുറ്റും നോക്കിയപ്പോള്‍ ഒരു ഡ്സ്സനിലേറെ വെള്ള ലാന്റ് ക്രൂയ്സ്സര്‍ വിനോദസഞ്ചാരികളുമായി അവിടെയിവിടെയായി അണിനിരന്നിട്ടുണ്ട്-ഒരു caravan തന്നെ.
യാത്ര തുടങ്ങിയപ്പോള്‍ കണ്ണുകള്‍ ഞാന്‍ ഇറുക്കിയടച്ചു. ഓരോ തവണ കാര്‍  സ്പീടില്‍ താഴേക്ക്  കുതിച്ചിറങ്ങുമ്പോഴും പിന്നിലിരിക്കുന്നവരില്‍ നിന്നുള്ള ആഹ്ലാദത്തിന്റെ കാഹളം എനിക്ക് കേള്‍ക്കാനുണ്ട്. മണ്‍കൂനകളിലൂടെ  താഴെക്കും,മുകളിലേക്കും വശങ്ങളിലൂടേയും ഓടിച്ച്  സര്‍ദാര്‍ജി  അദ്ദേഹത്തിന്റെ പ്രാവീണ്യം പ്രദര്‍ശിപ്പിച്ചു. 20 മിനിറ്റോളം നിന്ന ഈ സാഹസികയത്നം  എന്നിലുളവാക്കിയത് ഭയം മാത്രമാണ്.
Dune bashing കഴിഞ്ഞപ്പോള്‍ എല്ലാ വണ്ടികളും  ഒരുമിച്ച്  നിരയായി നിര്‍ത്തി.ഹാവൂ-എന്റെ ശ്വാസം നേരെ വീണു..പുറത്തിറങ്ങി  പൂഴിമണലില്‍ അലസ്സമായി ഞങ്ങള്‍ നടന്നു. കുറച്ചകലെ  ഒരു cactus ചെടി, വെള്ളമില്ലാത്ത മരുഭൂമിയില്‍, ചൂടിനെ അവഗണിച്ച്   കണ്‍കുളിരുന്ന പച്ചയായി തല  ഉയര്‍ത്തി നില്‍ക്കുന്നു. അവിടെ ചെന്ന് ഫോട്ടോ എടുക്കുന്ന നേരം ഒരു ബ്രസ്സിലിയന്‍ കുടുംബത്തിന് ഞങ്ങളുടെ കൂടെ നിന്ന്  ഫോട്ടോ എടുക്കാന്‍ ആഗ്രഹം.
                                               ഒരു ബ്രസ്സിലിയന്‍ കുടുംബമൊത്ത്

എല്ലാ കാറുകളും ഒരുമിച്ച്   ക്യാമ്പിലേക്കുള്ള യാത്ര തുടര്‍ന്നു. അസ്തമയത്തിന്  മുന്‍പ്  ക്യാമ്പിലെത്തി. ഉണങ്ങിയ ഈന്തപനയിലകളെ കൊണ്ട് ചുറ്റും മറച്ച  വിസ്താരമുള്ള ക്യാമ്പ്. പുറത്ത്  സവാരിക്കായി അണിയിച്ചൊരുക്കിയ ഒട്ടകങ്ങള്‍, sand bikes.....തുടങ്ങിയവ .ഞങ്ങളും ഒട്ടകസവാരി  നടത്തി.

                                                                   ഒട്ടക  സവാരി 


                                                     ക്യാമ്പിന് പുറത്ത് sand bikes


                                                        ക്യാമ്പിന്റെ  മുന്‍ വാതില്‍ 

        
കവാടവാതിലില്‍  അറബ് സ്റ്റൈലില്‍ അലങ്കരിച്ച പല തരം മണ്‍കൂജകള്‍,പാനപാത്രങ്ങള്‍...ക്യാമ്പിനുള്ളില്‍ താഴെ  ഭംഗിയായി ഒരുക്കിയ മെത്തകള്‍. മദ്ധ്യത്തില്‍ പരവതാനി വിരിച്ച വലിയ സ്റ്റേജ്.


                                        ക്യാബിനുള്ളിലെ സജ്ജീകരണങ്ങള്‍

 
                                                       Hookah bar

വിവിധ സുഗന്ധങ്ങളിലുള്ള [സ്ടോബെറി,പീച്ച്,ചോക്കളേറ്റ്.......] ഹുക്ക ഇവിടെ ലഭ്യമായിരുന്നു.                                                        പേര്   അറിയാത്ത  പലതും

നേരമ്പോക്കിനായി-ഹുക്ക,ഹെന്നാ പെയ്റ്റിങ്ങ് ,ലോക്കല്‍ ഡ്രെസ്സില്‍ ഫോട്ടോഗ്രാഫി.. ..ഇങ്ങിനെ പലതും.ഒരു holiday village പോലെ തോന്നി.

എന്നെ ആകര്‍ഷിച്ചത് ഗ്ലാസ്സ്  flower vaseനുള്ളില്‍ ചിത്രങ്ങള്‍ ഉണ്ടാക്കുന്ന കലയാണ്-പോളിത്തീന്‍  coneല്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂഴി മണല്‍ നിറച്ച് അനായാസം ആ കലാകാരന്‍ ഫ്ലവര്‍ വാസില്‍ ചിത്രങ്ങള്‍ സൃഷ്ടിച്ചു.അദ്ദേഹം ഒരു മലയാളിയാണെന്ന് തോന്നി.                            മണല്‍ കൊണ്ട് ചിത്രങ്ങള്‍   സൃഷ്ടിക്കുന്ന  കലാകാരന്‍


                                    ഫ്ലവര്‍വാസിനുള്ളില്‍ മണല്‍ചിത്രങ്ങള്‍

നേരം ഇരുട്ടിയപ്പോള്‍ എല്ലാവരും ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചു. ഒരു കലാകാരന്‍ അവതരിപ്പിച്ച   tanura dance [Egyptian folk dance]  അഭിനന്ദനമര്‍ഹിക്കുന്നതായിരുന്നു. ഇമ്പമുള്ള പാട്ടിനൊപ്പം  കറങ്ങി  ,കത്തുന്ന ലൈറ്റുകള്‍ നിറഞ്ഞ  വര്‍ണ്ണശബളമായ  ഡ്രെസ്സിനുള്ളില്‍ നിന്ന് കുടകളും പൂക്കളും പുറത്തെടുക്കുന്ന അദ്ദേഹം ഒരു ഇന്ദ്രജാലക്കാരനെ ഓര്‍മ്മിപ്പിച്ചു.
                                                                    Tanura    Dance

അറബിക് പാട്ടിന്റെ താളത്തിനൊത്ത് ശരീരഭാഗങ്ങളിളക്കി ബെല്ലി ഡാന്‍സര്‍ നൃത്തമാടി. സദസ്സില്‍ നിന്ന് പലരും സ്റ്റേജില്‍ കയറി അവരെ അനുകരിച്ച്  ചുവട് വെച്ചു.


  Belly dance

അവിടെ ഒരുക്കിയിരുന്ന ബാര്‍ബെക്യൂ ഡിന്നര്‍ വളരെ വിഭവസമൃദ്ധമായിരുന്നു.hummus [കടല കൊണ്ടുള്ള ഒരു തരം ചട്ട്ണി ]കണ്ട് ഇത് എന്താണെന്ന് സംശയത്തോടെ നോക്കിയ ഞങ്ങളോട് അറബിവേഷധാരിയായി ഭക്ഷണം വിളമ്പുന്ന ആള്‍ മലയാളത്തില്‍!  പറഞ്ഞു-“ഇത് കടല അരച്ചുണ്ടാക്കിയതാണ്”.അവിടെ പല തരം കബാബുകളും,സാലഡുകളും,മറ്റു പലയിനവിഭവങ്ങളും ഒരുക്കിയിരുന്നു.

വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഈ ഡെസ്സേര്‍ട്ട് സഫാരി. രാത്രി 10 മണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി.
പിറ്റേന്ന് വൈകുന്നേരം മടക്കയാത്രക്ക് തയ്യാറായി.