Monday, August 8, 2011

Mount Kenya Safari Club

ഈ തവണ ഈസ്റ്റര്‍ ഒഴിവ്കാലത്ത് എവിടെ പോകണമെന്ന ചിന്തയിലായിരുന്നു.mds ചൈന യാത്രയും ഞാന്‍ നാട് സന്ദര്‍ശനവും കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.അത് കൊണ്ട് എങ്ങോട്ടും പോകേണ്ട എന്ന തീരുമാനമെടുത്തു.പക്ഷേ നാല് ദിവസ്സം വീട്ടില്‍ എന്ത് ചെയ്യും എന്നതിനാല്‍ ഈസ്റ്റര്‍ ഞായറാഴ്ച ഒരു ചെറിയ ആഫ്രിക്കന്‍ സഫാരിക്കൊരുങ്ങി.

നെയ് റോബിയില്‍ നിന്ന് അധികം അകലത്തിലല്ലാത്ത സ്ഥലം തിരഞ്ഞെടുത്തു-Mount Kenya Safari Club.മൌണ്ട്-കെനിയായുടെ താഴ്വരയില്‍ , പ്രസിദ്ധമായ Fairmont Hotel Chainല്‍ വരുന്ന resort ആണിത്.ഇത് നെയ് റോബിയില്‍ നിന്ന് കാറില്‍ മൂന്നര മണിക്കൂര്‍ ദൂരമേ ഉള്ളൂ.കൂട്ടുകാരെ വിളിച്ച് പറഞ്ഞപ്പോള്‍ അവരും വരാന്‍ തയ്യാറായി.നേരത്തെ തന്നെ lunch ബുക്ക് ചെയ്യണം.

ഞങ്ങള്‍ 6 പേര്‍ കൂടി അവരുടെ കാറില്‍ ഞായറാഴ്ച  കാലത്ത് എട്ടരമണിയൊടെ  പുറപ്പെട്ടു.നല്ല റോഡ്.ഇരുവശത്തുള്ള മനോഹരമായ മരങ്ങളും പൂക്കളും കുന്നുകളും,താഴ്വരകളും മനസ്സിന് ഉന്മേഷം നല്‍കി.കൊണ്ടു വന്ന ഉണ്ണിയപ്പവും,മുറുക്കും  കഴിച്ചും, മലയാളം പാട്ടുകള്‍ കേട്ടും നേരം പോയതറിഞ്ഞില്ല. ഏതാണ്ട് 12മണിയോടെ റിസോര്‍ട്ടില്‍ എത്തി.



 
                                                                    Mount-Kenya
 
                                                        Mount-Kenya Safari Club


Spectacular എന്ന വിശേഷണം ആയിരിക്കും ഈ റിസോര്‍ട്ടിന് കൂടുതല്‍ യോജിക്കുന്നത്.കടലലകള്‍ പോലെ പ്രതലമുള്ള മൌണ്ട് കെനിയാ താഴ്വരയില്‍ അതിമനോഹരമായ സഫാരി ക്ലബ്.ഇവിടെനിന്ന് മേഘങ്ങളാല്‍ മൂടിയ മൌണ്ട് കെനിയായുടെ പീക്ക് കാണാന്‍ എന്ത് ഭംഗിയാണെന്നോ.എനിക്ക് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.ചിത്രങ്ങള്‍ കഥ പറയട്ടെ.

ഹോട്ടലിന് ചുറ്റും 4ഏക്കറോളം വിസ്താരത്തില്‍ golf course.പച്ചപരവതാനി വിരിച്ചപോലുള്ള പുല്‍മേട്.അവിടെയിവിടെ കൊച്ചു കുളങ്ങള്‍. അതില്‍ നീന്തിക്കളിക്കുന്ന വെളുത്ത താറാവ് കൂട്ടങ്ങള്‍.കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാനിരിക്കുന്ന വെള്ളക്കാര്‍. ചിറകുകള്‍ വിടര്‍ത്തി വെയില്‍ കായുന്ന വലിയ പെലിക്കന്‍ പക്ഷികള്‍.പീലിവിരിച്ചാടുന്ന മയിലുകള്‍.ആനന്ദലബ്ധിക്കിനി എന്ത് വേണം??
 







വിശന്ന് തുടങ്ങിയിരിക്കുന്നു.ഹാളില്‍ വരിവരിയായി നിരത്തിയ ഭക്ഷണവിഭവങ്ങള്‍ ഒന്ന് എത്തിനോക്കി.ഭംഗിയില്‍ ഒരുക്കിയ വിവിധ തരം സാലഡുകള്‍.പല പല പേരറിയാത്ത വിഭവങ്ങള്‍.ബട്ടര്‍ ചിക്കന്‍,മട്ടര്‍ പനീര്‍ തുടങ്ങിയ ഇന്ത്യന്‍ വിഭവങ്ങള്‍  കണ്ട് മനസ്സിന്  സന്തോഷം തോന്നി.പലതും എടുത്ത് പ്ലേയ്റ്റ് നിറച്ചു.പക്ഷേ ഒന്നിനും രുചിയില്ലായിരുന്നു.പിന്നെ ആശ്വാസം നല്‍കിയത് മധുരപലഹാരങ്ങളാണ്. 

ഭക്ഷണം കഴിഞ്ഞ് പുറത്തുള്ള ഗാര്‍ഡനില്‍ ചുറ്റുന്ന നേരത്ത് പെട്ടെന്ന് ഒരു നോട്ടീസ് ശ്രദ്ധയില്‍ പെട്ടു.‘ഹായ്,ഞങ്ങളുടെ  പേര്‍ ഓസ്കാര്‍ എന്നും ഗ്രാമി എന്നും ആണ്.റെസപ്ഷനില്‍ നിന്ന് അനുവാദം വാങ്ങി ഞങ്ങളെ ഒന്നു പുറത്ത് നടക്കാന്‍ കൊണ്ടു പോകുമോ?’രണ്ട് കറുത്ത പട്ടിക്കുട്ടികളുടെ കൂടിന് പുറത്ത് തൂക്കിയിട്ടിരിക്കുന്ന അപേക്ഷയാണിത്.അവരെ കൂടിന് പുറത്ത് നിന്ന് ഞാന്‍ തലോടി.വാലിട്ടാട്ടിയും,കൈയ്യില്‍ നക്കിയും അവര്‍ സ്നേഹം പ്രകടിപ്പിച്ചു.സമയക്കുറവ് കൊണ്ട് അവരെ പുറത്തിറക്കാന്‍ സാധിച്ചില്ല.

പുറത്ത് കടന്നാല്‍ NGO നടത്തുന്ന ഒരു animal orphanage ഉണ്ടായിരുന്നു.അത് കാണാന്‍ എല്ലാവരും ടിക്കറ്റ് എടുത്തു.പരിക്കേറ്റ മൃഗങ്ങളെ കാട്ടില്‍ നിന്നെടുത്ത് സ്വാഭാവികമായ ചുറ്റുപാട് ഉണ്ടാക്കി സംരക്ഷിക്കുന്ന ഒരു മൃഗശാല എന്ന് ഇതിനെ വിളിക്കാം.പക്ഷെ ഇവിടെ മൃഗങ്ങള്‍ കുറേകൂടി സ്വതന്ത്രരാണ്.മാത്രമല്ല പലരും വളരെ ഇണക്കമുള്ളവയാണ്. സന്ദര്‍ശകരെ കണ്ടാല്‍ പേടിച്ചോടുന്നില്ല എന്ന് മാത്രമല്ല നമ്മള്‍ തലോടിയാല്‍ നിന്ന് തരും.




 പുരാതനമായ ദ്രവിച്ച് കൊണ്ടിരിക്കുന്ന ഒരു രാജകീയ കാളവണ്ടി പടിവാതിലിനടുത്ത്  കണ്ടു. പ്രകൃതിസംരക്ഷകനായ colonel Percy Smith ,1935ല്‍ ഈ കാളവണ്ടിയിലായിരുന്നു സൌത്ത് ആഫ്രിക്കായില്‍നിന്ന്  മൌണ്ട് കെനിയായില്‍ താമസ്സിക്കാന്‍ വന്നിരുന്നത്. അദ്ദേഹമാണ് ആദ്യമായി  bongo എന്ന ,വംശനാശം  വന്ന് കൊണ്ടിരിക്കുന്ന  antelope കൂട്ടത്തെ മൌണ്ട് കെനിയായില്‍ കണ്ടെത്തിയത്.




                                                                       Ox-cart

                                                                        bongo


 പുല്ല് തിന്ന് നടക്കുന്ന മാനുകള്‍ പശുക്കുട്ടികളെ ഓര്‍മ്മപ്പെടുത്തി.വിനോദസഞ്ചാരികള്‍, വയസ്സനായ ഒരു വളരെ വലിയ ആമയുടെ മുകളില്‍ സവാരി ചെയ്യുന്നത് കണ്ടു...ഇടയില്‍ നടക്കുന്ന ഒട്ടകപക്ഷി.ഒട്ടകപക്ഷി എന്റെ പിന്നാലെ വന്നപ്പോള്‍ എനിക്ക് അല്പം ഭയം തോന്നി.




                                                                   ഒട്ടകപക്ഷി

ഏറ്റവും തമാശ തോന്നിയത് കുരങ്ങന്‍മാരുടെ അടുപ്പമാണ്.പുല്ലില്‍ വിശ്രമിക്കുന്ന white nosed monkeyയെ ഞാന്‍ താലോലിച്ചു.കൂടിന് പുറത്ത് കളിക്കുന്ന colobus monkey [വെളുപ്പും കറുപ്പും ഇടകലര്‍ന്ന ഭംഗിയുള്ള ഇവയുടെ fur നായി  poachers കൊല്ലുന്നതിനാല്‍ ഇവ വിരളമായിക്കൊണ്ടിരിക്കുന്നു] അതിന്റെ കുഞ്ഞിനെ തൊട്ടപ്പോള്‍ എന്റെ കൈ തട്ടി മാറ്റി.


                                                          white-nosed monkeyയൊത്ത്

 
                                                  Colobus Monkeyയുടെ കൂടെ

 പുല്ലില്‍ നിറയെ പലതരം പക്ഷികളാണ്.സ്വര്‍ണ്ണകിരീടമുള്ള gold-crown bird,pelican,ducks തുടങ്ങിയവ.


                                                                 Gold-crown bird

മരത്തിന് മുകളില്‍ കാഴച കണ്ടിരിക്കുന്ന പുള്ളിപുലി ഞങ്ങളെ അത്ഭുതപ്പെടുത്തി.മരക്കുറ്റികള്‍ കൊണ്ടുള്ള ഒരു ചെറിയ വേലിമാത്രമേ അതിന് ചുറ്റും ഉള്ളൂ.അതിനുള്ളിലെ മരത്തില്‍ കയറിയാണ് ഇരിക്കുന്നത്.അവിടെ നിന്ന് ഒന്ന് ചാടിയാല്‍ മതി സന്ദര്‍ശകരുടെ അടുത്തെത്താന്‍!!!
 
                                                                  പുള്ളിപുലി

അവിടെ നിന്ന് നീങ്ങിയപ്പോള്‍ കണ്ടത് ഹിപ്പോവിന്റെ കുട്ടിയെയാണ്.മേല്‍ നോട്ടക്കാരന്‍ കേബേജ് കാണിച്ച് വായ തുറക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ വായ തുറന്നു.അവിടെ വഴിയരികില്‍ ചെടികള്‍ക്കിടയില്‍ നിന്ന്  നീണ്ട കഴുത്തും ചെറിയ തലയും ഉള്ള  പഞ്ഞികെട്ട് പോലുള്ള ഒരു  മൃഗം എന്റെ അടുത്ത് വന്നു. ഭയമില്ലാതെ ഞാനതിനെ തലോടി.അത് ലാമ എന്ന മൃഗമാണെന്ന് മേല്‍നോട്ടക്കാര്‍ പറഞ്ഞു.

                                                                     Hippo baby

                                                                        Llama യൊത്ത്

ഓരോ മൃഗവും സന്ദര്‍ശകരെ ഭയക്കാതെ,ഉപദ്രവിക്കാതെ  ഇവിടെ സന്തോഷത്തോടെ വസിക്കുന്നു.അവര്‍ക്ക് നടക്കാനും,ഭക്ഷിക്കാനും,വിശ്രമിക്കാനും പുല്‍മേട് പരന്ന് കിടക്കുന്നു.Zoo എന്ന തടവറയേക്കാള്‍ എത്ര മെച്ചപ്പെട്ടതാണിത്.

വൈകുന്നേരം റെസ്റ്റോറെന്റിന്റെ പുറത്തുള്ള വരാന്തയിലിരുന്ന്  മൌണ്ട് കെനിയായുടേയും,താഴ്വരയുടേയും ഭംഗി ആസ്വദിച്ച്  കാപ്പി കുടിച്ചു.ഇനി നേയ്റോബിക്ക് തിരിച്ച് പോകാനുള്ള സമയമായി.