ബൂലോക സന്ദര്‍ശനം നന്നേ കുറഞ്ഞു. കാരണങ്ങള്‍ നിരത്തുന്നില്ല.
മുൻബൊരിക്കൽ പറഞ്ഞത് പോലെ കുട്ടികളുടെ ഒച്ചയും ബഹളവും ഇല്ലാത്തതിനാൽ ഇവിടെ ജീവിതം ഉത്സാഹരഹിതമാണെന്നാണ് ശരി.
ഈ സെപ്തംബര്‍ മാസത്തില്‍ അവരെ കനഡായില്‍ പോയി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.അവരെ കണ്ടിട്ട് കുറച്ചു കാലമായി. സെപ്തംബർ സമയം തിരഞ്ഞെടുക്കാന്‍ ഒരു കാരണവുമുണ്ട്. ശര്‍ത്കാലമാണല്ലോ അവിടെ. വസന്ത കാലത്തേക്കാൾ മനോഹരമാണ് അവിടെ ശര്‍ത്കാലമെന്ന് കേട്ടിട്ടുണ്ട് .ഇലകള്‍ നിറം മാറുന്ന കാലം. മഞ്ഞയും,ചുവപ്പും, ഓറഞ്ഞും,മെറൂണും നിറങ്ങള്‍ ചാര്‍ത്തി കണ്ണഞ്ചിപ്പിച്ച് മഞ്ഞു കാലത്തെ വരവേല്‍പ്പാന്‍ അണി നിരന്ന് നില്‍ക്കുന്ന മരങ്ങള്‍ കാണണം. ഇല പൊഴിയും മാപ്പിള്‍ വൃക്ഷങ്ങള്‍ കാണണം. നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നുയരുന്ന ജലകണങ്ങളിൽ ഒന്ന് നനയണം.....
പക്ഷെ ഞങ്ങള്‍ക്കായി അവര്‍ ഒരു സര്‍പ്രൈസ് ഒരുക്കി.ഒരാഴ്ചയുള്ള അലാസ്ക ക്രൂസ് അവർ ബുക്ക് ചെയ്തു .കേട്ടപ്പോൾ ഞങ്ങൾ ആവേശഭരിതരായി.അലാസ്ക എന്ന സ്വപ്ന ലോകത്തേക്ക് ഒരു കപ്പൽ യാത്ര. എന്റെ സങ്കൽപ്പത്തിലെ ഒരു ഉല്ലാസയാത്ര സഫലീകരിക്കാൻ പോകുന്നു .4-5 മാസകാലം ഒഴിവാക്കിയാൽ എന്നും മഞ്ഞു മൂടിക്കിടക്കുന്ന ,അമേരിക്കയുടെ തണുത്ത് ഉറഞ്ഞ 49 മെത്തെ പ്രോവിൻസ് ആണ് എന്ന അറിവ് മാത്രമേ എനിക്ക് അലാസ്കയെ കുറിച്ചുള്ളൂ .1867 ൽ ആണ് അമേരിക്ക ,റഷ്യയിൽ നിന്ന് അലാസ്ക വാങ്ങിയത് .
ഒരു മാസകാലം ,കുട്ടികൾക്ക് കൊണ്ടു പോകാനായി പലഹാരങ്ങളും ,അച്ചാറുകളും ,പലവിധ കറി പൌഡറുകളും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഞാൻ .അങ്ങിനെ കാത്ത് കാത്ത് ആ ദിവസമെത്തി. സെപ്തെംബെർ പതിനൊന്നിന് രാത്രി ഞങ്ങൾ യാത്ര പുറപ്പെട്ടു .നെയ്റോബിയിൽ നിന്ന് 8 മണിക്കൂർ എടുത്തു ആമ്സ്ട്രടാമിൽ എത്താൻ.അവിടെ മൂന്നു മണിക്കൂർ ബ്രേക്ക് ഉണ്ട്. വീണ്ടും എട്ട് മണി ക്കൂർ നീണ്ട യാത്ര.
ഫ്ലൈറ്റ് ഫുൾ ആയിരുന്നു.എങ്കിലും ആഥിത്യ മര്യാദക്ക് ഒട്ടും കുറവ് വരുത്തിയിട്ടില്ല .രുചികരമായ ഭക്ഷണം.ഇടക്കിടെ സ്നാകസും ജൂസും..... ആവർത്തന വിരസമായ ജോലിയാണെങ്കിലും ഈ തിരക്കിലും ഓരോ യാത്രക്കാരനെയും പുഞ്ചിരിച്ചുകൊണ്ട് സൽക്കരിക്കുന്ന എയർഹോസ്റ്റെസ്സിനെ ഞാൻ മനസ്സാൽ അഭിനന്ദിച്ചു .
ഉച്ചയോടെ ടൊറോന്റോയിൽ എത്തി.കുട്ടികളെ കാണാനുള്ള ആഹ്ലാദത്തിമർപ്പിൽ യാത്രാ ക്ഷീണം അറിഞ്ഞതേ ഇല്ല. പുതിയ വീട് ഞങ്ങൾക്ക് കാണിച്ചു തരുന്ന ഉത്സാഹത്തിലാണ് ഉണ്ണിയും ധനുവും .മനോഹരമായി അലങ്കരിച്ചിരിക്കുന്നു .അവരുടെ അഭിരുചിയിൽ അഭിമാനം തോന്നി.
ടൊറോന്റോയിലെ വീട്ടിൽ
ഒന്നാമത്തെ നിലയിലുള്ള ഡൈനിങ്ങ് റൂമിൽ നിന്നുളള കാഴ്ച അതിമനോഹരമാണ്.ബേക്ക് യാർഡിൽ പച്ച പുൽത്തകിട് .അതിന് പുറകിൽ നിറങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ravine [കാട്ടു ചെടികൾ നിറഞ്ഞ പുറംബോക്ക്].അതിനപ്പുറം അല്പ്പം ഉയരത്തിലായി ഗോൾഫ് കോഴ്സ് പോലെ പരന്നു കിടക്കുന്ന പുൽ മേട്. അതിൽ നിറയെ അന്ന നടയായി ധാന്യങ്ങൾ കൊത്തി തിന്നുന്ന ഭംഗിയുളള സീ ഗൂസ് പക്ഷികൾ [നമ്മുടെ താറാവിനേക്കാൾ കൊഴുത്ത തടിച്ചത്]. ഈ പുൽത്തകിടിട് മാത്രം എന്തേ നിറം മാറാതിരിക്കുന്നത്? ???
ഒരാഴ്ച കടന്ന് പോയിതറിഞ്ഞില്ല.അലാസ്ക യാത്രക്കായി പ്രത്യേകം വസ്ത്രങ്ങൾ വാങ്ങുന്ന തിരക്കിലായിരുന്നു.ലോങ്ങ് കോട്ട് ,സ്നോ പാന്റ് ,സ്നൊ ഷൂ ,ഗ്ലോവ്സ് ,കേപ് ....ഇങ്ങിനെ പലതും.അലാസ്കയിൽ മൈനസ് 60 ഡിഗ്രി സെന്റിഗ്രേട് വരെ ജനുവരിയിൽ താപമാനം താ ഴാറുണ്ട് .മെയ് മാസം മുതൽ സെപ്തെംബെർ മാസം വരേയെ അവിടേക്ക് ക്രൂസ് അനുവദിച്ചിട്ടുള്ളൂ. വെള്ളം ഉറയുന്ന കൊടും തണുപ്പാന്നു കാരണം . പക്ഷെ സെപ്തെംബെറിൽ 5 ഡിഗ്രി വരെയേ താഴുകയുള്ളൂ എന്ന ആശ്വാസമുണ്ട് .
സെപ്തെംബെർ 19[വെള്ളിയാഴ്ച] രാത്രി ഞങ്ങൾ ടൊരൊന്റൊയിൽ നിന്ന് വാൻകോവറിലേക്ക് ഫ്ലൈറ്റ് കയറി. 5 മണിക്കൂർ നീണ്ട യാത്ര. വാൻകോവറിൽ നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് ക്രൂസ് ഷിപ്പ് കയറേണ്ടത് .അതിനാൽ അവിടെ ഹോട്ടൽ ബുക്ക് ചെയ്തിരുന്നു.
പുലർച്ച രണ്ടു മണിയോടെ ഹോട്ടലിൽ എത്തി.ഉറങ്ങി എഴുന്നേറ്റ് തയ്യാറായി ബ്രേക് ഫാസ്റ്റ് കഴിക്കാൻ പുറത്തിറങ്ങി .ഉണ്ണിയും ധനുവും ,ഇവിടെയുള്ള 'യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ' യിൽ ആണ് ഉപരിപഠനം ചെയ്തിരിക്കുന്നത് .അത് കൊണ്ട് ഇവിടെത്തെ ഓരോ മുക്കും മൂലയും അവർക്ക് പരിചിതമായിരുന്നു.അവർ പഠിക്കുന്ന കാലത്ത് ഞങ്ങൾ ഇവിടെ വന്നിട്ടുണ്ട് .എന്നും നനു നനുത്ത മഴയുള്ള മനോഹരമായ പട്ടണം .
കപ്പൽ നഗൂരമിട്ട പോർട്ടിലേക്ക് നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ.അവിടെയെത്തി കയറാൻ പോകുന്ന Zuiderdam [by Holland America Line] ക്രൂസ് ഷിപ്പ് കണ്ടു .ഉച്ചഭക്ഷണം കഴിച്ച് വീണ്ടും ഹോട്ടലിൽ എത്തി .പെട്ടികൾ ഉള്ളതിനാൽ ടാക്സി വിളിച്ചാണ് ഷിപ്പിന്റെ ചെക്കിങ്ങ് കൌണ്ടറിൽ എത്തിയത്.
വാങ്കോവറിൽ ഷിപ്പ് ഡോക്ക്
2000 ത്തിനടുത്ത് യാത്രക്കാരും 800 ക്രൂ ജോലിക്കാരും ഉണ്ടായിരുന്നതിനാൽ വലിയ ക്യൂ ആയിരുന്നു. എങ്കിലും വളരെ അനായാസം ഇതെല്ലാം കഴിഞ്ഞ് ഞങ്ങൾ കപ്പലിൽ കയറി .റൂം നമ്പർ 4086,4106. തുറക്കാൻ ഇലക്ട്രോണിക് സ്വയപ് കാർഡ് .കാർഡിൽ പേര് ,റൂം നമ്പർ ,ഡൈനിങ്ങ് ടേബിൾ നമ്പർ ,..ഇതൊക്കെ പ്രിന്റ് ചെയ്തിട്ടുണ്ട് .
ഷിപ്പിൽ ഞങ്ങളുടെ റൂം -ബെഡ്ഡിൽ ടവ്വൽ ആർട്ട്
റൂം തുറന്നപ്പോൾ പെട്ടി എത്തിയിരിക്കുന്നു!!!. എല്ലാ സൗകര്യങ്ങളുമുള്ള മുറി .ഡബിൾ ബെഡ് സോഫാ സെറ്റ് ,ഡ്രെസ്സിംഗ് ടേബിൾ ,ടി വി ,അലമാരി ഫ്രിഡ്ജ് ,ലോക്കര്‍.....എല്ലാം ഉള്ള ബാത്ത് അറ്റാചട് റൂം. ജനലിലൂടെ പുറം ലോകം കാണാം . ശാന്തമായ നീലക്കടൽ കാണാം.
പത്ത് ഡെക്കുകളുള്ള [നിലകൾ] സമുദ്രത്തിലോഴുകുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പോലെയാണ് എനിക്ക് തോന്നിയത്.റൂമിലും പുറത്തും എല്ലാം കാർപെറ്റ് വിരിച്ചിട്ടുണ്ട് .ടി വി യിലെ ഒരു ചാനലിൽ കപ്പലിൽ നടക്കുന്ന വിവിധ പ്രോഗ്രാമുകളുടെ വിവരങ്ങളാണ് .ഞങ്ങളുടെ റൂം നാലാം ഡെക്കിൽ ആണ് .
5 മണിയോടെ എല്ലാവരും മൂന്നാം ഡെക്കിൽ മോക്ക് സേഫ്ടി ഡ്രില്ലിനായി ഒത്തു ചേരണമെന്ന് കേപ്റ്റ്ൻ, മൈക്കിൾ വില്ല്യംസ് അറിയിച്ചു .തുടർന്ന് കപ്പലിന്റെ പലതരം അലാറവും അതിന്റെ അർത്ഥവും ടിവി യിലൂടെ മനസ്സിലാക്കി തന്നു .മൂന്നാം ഡെക്കിൽ ചെന്ന് എല്ലാവരും സേഫ്ടി ജാക്കറ്റ് ധരിച്ച് അവരുടെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേട്ടു .
ഇനി കപ്പലിനുള്ളിൽ ശരിക്കൊന്ന് നടന്ന് കാണണം .യാത്രക്കാർ ,90 ശതമാനവും വെള്ളക്കാരാണ് ഒട്ടുമുക്കാലും 50 ന് മുകളിൽ പ്രായമുള്ളവർ.വീൽ ചെയറിൽ അടക്കമുള്ളവരുണ്ട് .എന്നാൽ അവരിലെ ഊർജസ്വലതയും, ആവേശവും എന്നിൽ അതിശയം ജനിപ്പിച്ചു. ഇന്ത്യയിലാണെങ്കിൽ ശിവ ശിവ , ഈ പ്രായത്തിൽ രാമ നാമം ജപിക്കേണ്ട കാലമായി. എനിക്ക് അവരുടെ പോസിറ്റീവ് ചിന്താഗതിയോട് ആരാധന തോന്നി .
ഷിപ്പിനുള്ളിൽ
ഒംബതാമെത്തെ ഡെക്കിൽ ആണ് ലിഡോ എന്ന റെസ്റ്റൊറണ്ട് .കവാടത്തിൽ നിന്ന് കൈ സ്റ്റെറിലൈസ് ചെയ്തിട്ട് വേണം ഉള്ളിൽ കടക്കാൻ.ഡിസ്പെൻസെറിനടിയിൽ കൈ വെച്ചാൽ ദ്രാവകം കൈയിൽ വീഴും. പരന്ന് നീണ്ട് കിടക്കുന്ന റെസ്റ്റൊരെണ്ടിൽ ഒരറ്റം മുതൽ മറ്ററ്റം വരെ വിവിധ തരത്തിലുള്ള ഭക്ഷണ സാധനങ്ങളാണ്.എഴുതി നിരത്താൻ ബുദ്ധി മുട്ടാണ്.അത്ര നിസ്സംഖ്യ മാണ്.രുചികരവും.ഏഷ്യൻ,കോണ്ടിനെന്റൽ -ഇതിൽ വെജ്ജും ,നോണ്‍ വെജ്ജും ആയി ഏതെല്ലാം വിഭവങ്ങൾ .സലാഡ്,ഫ്രുട്സ് ,ഐസ്ക്രീം ,മധുരപലഹരങ്ങൾ ,ബർഗർ..... ..ഇങ്ങിനെ നിരവധി .
ഒരു ഇന്ത്യൻ ഷെഫ് ഞങ്ങളുടെ അടുത്ത് വന്ന് വിശേഷങ്ങൾ ചോദിച്ചു.അദ്ദേഹം പൂനയിൽ നിന്നാണ്.അവരിൽ ഒരാൾ എറണാകുളത്ത് നിന്നാണത്രെ.
ലിഡോ റെസ്റ്റൊറെണ്ട്
ഭംഗിയായി അലങ്കരിച്ച മേശകളും കസാരകളും.എല്ലാ മേശയിലും പല നിറത്തിലുള്ള ഓർക്കിഡ് പൂഷ്പങ്ങൾ .ആകെ ഒരു ഉത്സവപ്പറമ്പിന്റെ പ്രതീതി. ഗ്ലാസിട്ട ജാലകത്തിലൂടെ കാണുന്ന ശാന്തമായ മഹാസമുദ്രം എത്ര നേരം കണ്ടിരുന്നാലും എനിക്ക് മടുക്കുമെന്ന് തോന്നുന്നില്ല.
ലിഡോ റെസ്റ്റൊറെണ്ട്
ഷിപ്പ് ഇന്നർ പാസേജിലൂടെയാണ് [കരയോടടുത്ത്] മിക്ക സമയവും സഞ്ചരിച്ചിരുന്നത് അതിനാൽ മുകളിലെ ഡെക്കിൽ ഇരിക്കാൻ രസകരമാണ്.അവിടെ ഇരിക്കാനായി ബീച്ച് ചെയേഴ്സ് ഉണ്ട്.പുതക്കാൻ കമ്പിളിയും. വായിക്കാൻ ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട്. ബാറും ,സ്നാക്സ് കോർണറും ഉണ്ട് .പിന്നെ കാസിനോ ,ടേബിൾ ടെന്നിസ് , ജിം ,മെഡിക്കൽ സെന്റർ ജ്വെല്ലറി ഷോപ്പ് ,തിയറ്റർ , 4 റെസ്റ്റൊറണ്ടുകൾ ,ഫോട്ടോ സ്റ്റുഡിയോ,സ്വിമ്മിംഗ് പൂൾ ,ഹോട്ട് ടബ് ,സ്പാ ......ഇങ്ങിനെ പലതും ഇതിനകത്തുണ്ട് .
സ്വിമ്മിങ്ങ് പൂൾ
5 ഡീസൽ ജെനെറേറ്ററും, ഒരു ഗാസ് ടർബൈനും ഉപയോഗിച്ചാണ് ഇതിലേക്ക് വൈദ്യുതി ഉണ്ടാക്കുന്നത് . 90 ടണ്‍ ഡീസൽ ആണ് ഇതിനായി ഒരു ദിവസം ഉപയോഗിക്കുന്നത് .1700 ടണ്‍ വെള്ളം നിത്യോപയോഗത്തിനായി ദിവസേന ഈ കപ്പലിൽ തന്നെ കടൽ വെള്ളത്തിൽ [ desalination plant ൽ] നിന്ന് ഉല്പാദിപ്പിക്കുന്നു !!!!
സ്വിമ്മിങ്ങ് പൂൾ
5 ഡീസൽ ജെനെറേറ്ററും, ഒരു ഗാസ് ടർബൈനും ഉപയോഗിച്ചാണ് ഇതിലേക്ക് വൈദ്യുതി ഉണ്ടാക്കുന്നത് . 90 ടണ്‍ ഡീസൽ ആണ് ഇതിനായി ഒരു ദിവസം ഉപയോഗിക്കുന്നത് .1700 ടണ്‍ വെള്ളം നിത്യോപയോഗത്തിനായി ദിവസേന ഈ കപ്പലിൽ തന്നെ കടൽ വെള്ളത്തിൽ [ desalination plant ൽ] നിന്ന് ഉല്പാദിപ്പിക്കുന്നു !!!!
രാത്രി ഭക്ഷണം വിസ്റ്റ എന്ന റെസ്റ്റൊറണ്ടിൽ ആണ്.7.45pm ആണ് ഞങ്ങളുടെ സമയം. എല്ലാവരും കൃത്യ നിഷ്ടത പാലിച്ചിരുന്നു. ഇവിടെ ഫൈവ് കോഴ്സ് ഡിന്നർ ആണ്. ഓരോരുത്തരുടെ മേശയും, വൈറ്ററും ഫിക്സ്‌ട് ആണ് .വൈറ്റെർമാർ എല്ലാവരും ഇന്തോനേഷ്യ ക്കാരാണ് .അവരുടെ സർക്കാരം പ്രശംസനീയമാണ്.ഞങ്ങൾ എറ്റവും ആസ്വദിച്ചിരുന്നത് ഡിന്നർ ആയിരുന്നു .
ഡിന്നർ ടൈം -വിസ്റ്റ റെസ്റ്റൊറണ്ട്
ഡിന്നറിന് ശേഷം റൂമിൽ എത്തിയപ്പോൾ ബെഡ്ഡിൽ ടവൽ കൊണ്ടുണ്ടാക്കിയ ഒരു ചിത്രശലഭമുണ്ട്- കൂടെ രണ്ട് ചോക്ലേറ്റും ഒരു കാർഡും. കാർഡിൽ, ഒരുമണിക്ക് ഷിപ്പ് ടൈം സോണ്‍ ക്രോസ് ചെയ്യുന്നതിനാൽ വാച്ച് ഒരുമണിക്കൂർ പുറകോട്ട് തിരിക്കാനുള്ള നിർദ്ദേശമാണ്. നാളെ ഷിപ്പിൽ നടക്കാനിരിക്കുന്ന പ്രോഗ്രാമിന്റെ ടൈം ടേബിൾ കൂടെ വെച്ചിട്ടുണ്ട്. റൂം സെർവീസ് ചെയ്തിരുന്നത് നിഷ്കളങ്ക മുഖമുള്ള വയാൻ എന്ന ഇന്തോനേഷ്യൻ ചെറുപ്പക്കാരനായിരുന്നു.
യാത്രാക്ഷീണം കാരണം ഉറങ്ങിയതറിഞ്ഞില്ല. സമുദ്രം ശാന്തമായതിനാലും കപ്പൽ ഏറെ വലുതായിരുന്നതിനാലും വെള്ളത്തിൽ സഞ്ചരിക്കുകയാണെന്നേ തോന്നിയില്ല.
നേരത്തേ എഴുന്നേറ്റു . ഇന്ന് ഞായറാഴ്ച്ച . ടൈം ടേബിൾ പ്രകാരം സ്ട്രെച്ചിങ്ങ് വ്യായാമമാണ് ഏഴു മണിക്ക് .അതിനാൽ എഴുന്നേറ്റ് തയ്യാറായി ജിമ്മിൽ എത്തി .അവിടെ വ്യായാമം തുടങ്ങിയിരിക്കുന്നു .യോഗയാണ് പ്രധാനമായി. കുറച്ചൊക്കെ ചെയ്തു. പലരും ട്രെഡ് മിൽ ,സ്റ്റ്ര യ് ടർ ....തുടങ്ങിയയിൽ വ്യായാമം ചെയ്യുന്നുണ്ട് .
ലിഡൊ റെസ്റ്റൊറണ്ട്
കപ്പൽ, തീരപ്രദേശം വിട്ടിരിക്കുന്നു. ചുറ്റും നീലജലാശയം മാത്രം. ഇന്ന് സമുദ്രം അല്പം ക്ഷുഭിതമാണ്.അതിനാൽ സീ സിക്ക്നെസ് അനുഭവപ്പെട്ടു .
സമുദ്രയോരക്കാഴ്ച്ച
പ്രാതൽ കഴിച്ച് ,മറ്റു പല പ്രോഗ്രാമുകളും കാണണം .എന്നും രാത്രി പതിനൊന്നു മണി വരെ വിവിധ കാര്യ പരിപാടികൾ ഉണ്ട്.ഡാൻസ് കോംപെറ്റീഷൻ ,ഫിറ്റ്നെസ്സ് സെമിനാർ , കുലിനറി ആർട്ട് , ജെംസ് സെയിൽ ,ടവൽ ആർട്ട് ,അക്യു പഞ്ച്ർ ,.. ......ഇങ്ങിനെ പലതും കണ്ട് നേരം പോയതറിഞ്ഞില്ല .രാത്രി ഭക്ഷണത്തിന് ശേഷം പെർകഷൻ റീസൈക്കിൾട് എന്ന പ്രോഗ്രാം കാണാനായി തിയ്യറ്ററിലേക്ക് നടന്നു. മുകളിലേക്കും താഴേക്കും പോകാനായി കോണിപ്പടികളും , 12 ലിഫ്റ്റുകളും ഉണ്ട്!!! .
തിയ്യറ്റർ
കപ്പൽ, തീരപ്രദേശം വിട്ടിരിക്കുന്നു. ചുറ്റും നീലജലാശയം മാത്രം. ഇന്ന് സമുദ്രം അല്പം ക്ഷുഭിതമാണ്.അതിനാൽ സീ സിക്ക്നെസ് അനുഭവപ്പെട്ടു .
സമുദ്രയോരക്കാഴ്ച്ച
പ്രാതൽ കഴിച്ച് ,മറ്റു പല പ്രോഗ്രാമുകളും കാണണം .എന്നും രാത്രി പതിനൊന്നു മണി വരെ വിവിധ കാര്യ പരിപാടികൾ ഉണ്ട്.ഡാൻസ് കോംപെറ്റീഷൻ ,ഫിറ്റ്നെസ്സ് സെമിനാർ , കുലിനറി ആർട്ട് , ജെംസ് സെയിൽ ,ടവൽ ആർട്ട് ,അക്യു പഞ്ച്ർ ,.. ......ഇങ്ങിനെ പലതും കണ്ട് നേരം പോയതറിഞ്ഞില്ല .രാത്രി ഭക്ഷണത്തിന് ശേഷം പെർകഷൻ റീസൈക്കിൾട് എന്ന പ്രോഗ്രാം കാണാനായി തിയ്യറ്ററിലേക്ക് നടന്നു. മുകളിലേക്കും താഴേക്കും പോകാനായി കോണിപ്പടികളും , 12 ലിഫ്റ്റുകളും ഉണ്ട്!!! .
തിയ്യറ്റർ
തിയ്യറ്റർ മനോഹരമാണ് .ഗാലറിയിലെ ഇരിപ്പിടങ്ങളും,പരവതാനിയും ചുവപ്പ് നിറത്തിൽ . കടന്ന ഉടനെ എല്ലാവർക്കും ചപ്പാത്തിക്കുഴൽ പോലുള്ള രണ്ട് കോലുകൾ തന്നു.പിന്നെ ചെവി അടക്കാനായി ഇയർ പ്ലഗ്സ് !!!പിന്നെ മണൽ നിറച്ച കുപ്പികൾ ,തല്ലി ഷെയ്പ്പ് മാറിയ സ്റ്റീൽ പാത്രങ്ങൾ!!!!.ഇതൊക്കെ എന്തിനാണെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.
നാലു ചെറുപ്പക്കാർ ചേർന്ന് നടത്തിയ അതിഗംഭീരമായ ഒരു ഡ്രം ബീറ്റ് പ്രോഗ്രാം ആയിരുന്നു അത് . അവരെ പ്രോത്സാഹപ്പെടുത്തിയത് എല്ലാവരും ചപ്പാത്തി കോലുകൾ പാത്രങ്ങളിൽ അടിച്ചായിരുന്നു. ഹഹ ഞാൻ നന്നായി ആസ്വദിച്ചു. അവർ അമേരിക്കായിലെ ഒരു പേരുകേട്ട ട്രുപ്പ് ആണത്രെ . ഇന്ന് പ്രോഗ്രാം കാരണം ഉറങ്ങാൻ വൈകി.
വെളുപ്പിന് എഴുന്നേറ്റ് പുറത്ത് നോക്കിയപ്പോൾ കണ്ട കാഴ്ച ഹൃദ്യമായിരുന്നു. നല്ല പച്ചനിറത്തിൽ കോണിഫെറസ് മരങ്ങളാൽ നിറഞ്ഞ കുന്നുകൾ .അതിൽ അവിടെയിവിടെയായി വെള്ളനിറത്തിൽ ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ .അതിന് മുകളിൽ ഒഴുകി നടക്കുന്ന വെള്ള മേഘങ്ങൾ. ചാറ്റൽ മഴയിൽ മാനത്ത് ഉദിച്ച മഴവില്ല് .
ദൂരെ വെള്ളത്തിൽ ഫൗണ്ടെൻ സൃഷ്ടിച്ച് വരിയായി നീന്തി നടക്കുന്ന തിമിംഗലങ്ങൾ. ഇത് കണ്ട് എല്ലാവരും ആവേശഭരിതരായി .
ഇന്ന് [തിങ്കളാഴ്ച] ഉച്ചക്ക് ഒരുമണിക്ക് ഷിപ്പ് അലാസ്കയുടെ തലസ്ഥാനമായ ജുനോ [Juneau]യിൽ എത്തും. ജുനോ കാണാനായി ഒരു ബസ് ടൂർ ഞങ്ങൾ ഷിപ്പിൽ നിന്ന് തന്നെ ബുക്ക് ചെയ്തു. ടിവി യിലെ ഒരു ചാനലിൽ അലാസ്കയിൽ കാണേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള വിവരണം എല്ലായിപ്പോഴും നടക്കുന്നുണ്ട് .അതിനാൽ ടൂർ തിരഞ്ഞെടുക്കാൻ എളുപ്പമായി.
യാത്രാമദ്ധ്യേ
നേരത്തേ ഉച്ച ഭക്ഷണം കഴിച്ച് ഞങ്ങൾ ഇറങ്ങാൻ തയ്യാറായി. ഗ്ലേഷിയർ കാണാൻ ഉള്ള ടൂർ ആയതിനാൽ കട്ടിയുള്ള ജാക്കറ്റും ,ഗ്ലൊവെസ് ,സ്നൌ പാന്റ് ,സ്നോ ഷൂ തുടങ്ങിയവ ധരിച്ചു .
ജുനോ നഗരം -അലാസ്ക
ടൂർ ബസ്സുകൾ പുറത്ത് കാത്ത് നിൽപ്പുണ്ട് .ഞങ്ങളുടെ ബസ് ഓടിച്ചിരുന്നത് ലോറ എന്ന പെങ്കുട്ടിയാണ്. ജുനോവിന്റെ ചരിത്രത്തെ കുറിച്ച് തുടർച്ചയായി അവൾ മൈക്കിലൂടെ വിവരിച്ചു. മഞ്ഞു മൂടിയ വിശാലമായ മലകൾ ഇരുവശത്തും .വഴയിൽ ധാരാളം ബാൾട് ഈഗിളുകളെയും അവയുടെ കൂടുകളും കാണിച്ചു തന്നു .
ബസ് ടൂർ -ജുനോ
മൌണ്ട് റോബേർട്ടിന്റെ പശ്ചാത്തലത്തിൽ, 19-താം നൂറ്റാണ്ടിന്റെ മാതൃകയിൽ പണിതീർത്ത വീടുകൾ .ഇവിടെത്തെ ജനസംഖ്യ മുപ്പതിനായിരത്തിനടുത്താണ് .പള്ളികൾ ,സ്കൂൾ ,പല സുവനീർ ഷോപ്പുകൾ ,ജ്വെല്ലറികൾ ......തുടങ്ങിയവ ഉള്ള ചെറിയ ടൌണ്‍.ഫിഷിങ്ങ് ആണ് പ്രധാന തൊഴിൽ. സാൽമൻ [Salmon] എന്ന മത്സ്യത്തെ ഇവിടെ നിന്ന് ധാരാളമായി എക്സ്പോർട്ട് ചെയ്യുന്നുണ്ട് . ടൂറിസ്സം ആണ് മറ്റൊരു വരുമാനമാർഗ്ഗം. ഒരു ചെറിയ എയർ പോർട്ട് ഉണ്ടിവിടെ . ടൂറിസ്റ്റുകാർക്ക് ഗ്ലേഷിയറിന് മുകളിലിറങ്ങാൻ ഫ്ലോട്ട് പ്ലേയിൻസ് ഇവിടെ ധാരാളമുണ്ട് .
ഫ്ലോട്ട് പ്ലെയിൻ ,കയാക്കിങ്ങ് -ജുനോ
ബസ്സ് ,മെൻഡെൻഹാൾ [Mendenhall] ഗ്ലേഷിയറിന് മുന്നിൽ നിർത്തി.രണ്ടു മണിക്കൂർ കഴിഞ്ഞാൽ തിരിച്ചു വരണമെന്ന നിർദ്ദേശം തന്ന് ,ലോറ ഞങ്ങളെ ഇറക്കി.
തുരിശു [copper sulphate] നിറത്തിൽ ഒഴുകിയുറഞ്ഞു കിടക്കുന്ന മനോഹരമായ ഹിമപ്പരപ്പ്.മുന്നിൽ മഞ്ഞുകട്ടിയുരുകി നിറഞ്ഞു കിടക്കുന്ന ശീതളജലതടാകം -മെൻഡെൻഹാൾ ലേയ്ക്ക് .വലത് വശത്തായി ഉരുകിയ ജലപാതം വെള്ളച്ചാട്ടമായി തടാകത്തിൽ വീഴുന്നുണ്ട്. 1500 സ്ക്വയർ മൈൽസ് വ്യാപിച്ചു കിടക്കുന്ന ജുനൊ ഐസ് ഫീൽഡിന്റെ ഭാഗമാണ് ഈ ഗ്ലേഷിയർ . വിസ്മയാവഹമായ കാഴ്ച .
മെൻഡൻ ഹാൾ ഗ്ലേഷിയറിന്റെ മുന്നിൽ
പിന്നിൽ വ്യൂ -ടവ്വർ -ജുനോ
ഫിലിമിൽ മറ്റൊന്ന് എന്നെ അലട്ടിയത് നദിയിൽ മുട്ടയിട്ടതിന് ശേഷം ചത്തൊടുങ്ങുന്ന പതിനായിരക്കണക്കിന് സാൽമൻ മത്സ്യങ്ങളാണ് .തികച്ചും അതിശയകരമാണ് അവരുടെ ജീവിത ചക്രം. നദിയിൽ , മുട്ടയിൽ നിന്ന് വിരിയുന്ന മത്സ്യ കുഞ്ഞുങ്ങൾ വളർച്ച പൂർത്തിയാക്കുന്നത് സമുദ്രത്തിലാണ്.വളർച്ച പൂർത്തിയായാൽ ,മുട്ടയിടാനായി വീണ്ടും മൈലുകൾ നീന്തി , ജനിച്ച വെള്ളത്തിലേക്ക് തിരിച്ചു വരുന്നു. മുട്ടയിട്ടതിന് ശേഷം അവ മരിക്കുന്നു. പ്രകൃതിയുടെ ഓരോ പ്രതിഭാസങ്ങൾ.!!!
തിരിച്ച് കൊണ്ടുപോകാനായി ബസ് കാത്തു നില്പുണ്ട് .എല്ലാവരും സമയത്തിന് തന്നെ എത്തിചേർന്നിരിക്കുന്നു.എല്ലാവരും മുന്നേ ഇരുന്നിരുന്ന സീറ്റിൽ തന്നെ വന്നിരുന്നു. വെള്ളക്കാരുടെ ഈ അച്ചടക്ക ചിട്ടയെ ഞാൻ സ്തുതിക്കുന്നു.
ബസ് ടൌണിൽ എത്തി.അവിടെ ഇറങ്ങേണ്ടവർക്ക് ഇറങ്ങാമെന്നും ,തിരിച്ച് ഓരോ പതിഞ്ചു മിനിട്ടിലും ഷിപ്പിനടുത്തേക്ക് സൗജന്യമായി ബസ് സർവീസ് ഉണ്ടെന്നും ലോറ അറിയിച്ചു. ഞങ്ങൾ അവിടെ ഇറങ്ങി. ടൌൺ ഒന്നു ചുറ്റികാണണം.അപ്പോൾ മൌണ്ട് റോബേർട്ടിന്റെ മുകളിലേക്ക് പോകുന്ന കേബിൾ കാറുകൾ കാണാനിടയായി .
ട്രാംവെ കാർ -താഴെ ഞങ്ങളുടെ ഷിപ്പ്
അതിൽ കയറാൻ ഞങ്ങൾ ടിക്കെറ്റ് എടുത്തു . മൌണ്ട് റോബേർട്ട് ട്രാംവെ കാർ ,ഞങ്ങളെ ഏതാണ്ട് 6 മിനിറ്റിൽ 1800 അടി ഉയരമുള്ള പർവ്വത ശിഖരത്തിലെ വിസിറ്റേഴ്സ് സെന്ററിൽ എത്തിച്ചു.പർവ്വത മലനിരകളെ തഴുകുന്ന മൂടൽ മഞ്ഞിനെ തൊട്ട് കൊണ്ട് മുകളിലേക്കുള്ള ആ യാത്ര എത്ര ആനന്ദകരമായിരുന്നുവെന്ന് പറയാതെ മനസ്സിലായിക്കാണുമല്ലോ .അവിടെ ഒരു സുവനീർ ഷോപ്പും ,കോഫി ഷോപ്പും ഉണ്ട്. തണുപ്പിൽ കോഫി കുടിച്ച് ,ആ മാസ്മര ഭംഗി ആസ്വദിച്ച് ഞങ്ങൾ കുറച്ചു നേരം ഇരുന്നു. അവിടെ നിന്ന് നോക്കിയപ്പോൾ ഞങ്ങളുടെ ഷിപ്പ് വളരെ ചെറുതായി കാണപ്പെട്ടു .
താഴെയിറങ്ങി ഒരു സുവനീർ ഷോപ്പിൽ കയറി.തണുപ്പിൽ ധരിക്കാനുതകുന്ന കമ്പിളി വസ്‌ത്രങ്ങളാ ണധികവും. അവസാനത്തെ ഷിപ്പ് ആയത് കൊണ്ട് എല്ലാം കിഴിവ് വിലക്കാണ്. കീ ചെയിനുകൾ സ്വെറ്റെർ , ടീ ഷർട്ടുകൾ,ഫോട്ടോ ഫ്രൈമുകൾ ,മാലകൾ,പെയ്ന്റിങ്ങ്സ് ......ഇങ്ങിനെ പലതും പലതുമുണ്ട് .ഞങ്ങൾ ജുനോ എന്ന് എഴുതിയ കുറച്ച് വസ്ത്രങ്ങൾ എടുത്തു-എന്നും ഈ അത്ഭുത ലോകത്തെകുറിച്ച് ഓർക്കാനായി.
രാത്രിയായിരിക്കുന്നു. ഡിന്നർ കഴിക്കാനായി ഒരു റെസ്റ്റൊരണ്ടിൽ കയറി.ലോബ്സ്റ്റെറും ,ക്രാബും ആണ് പ്രധാന ഭക്ഷണം .എല്ലാം നല്ല രുചികരമായിരുന്നു.സമയം ഒൻബത് മണിയായി .പത്ത് മണിക്ക് ഷിപ്പിൽ തിരിച്ചെത്തണം .ബസ് റെഡിയായി നിൽക്കുന്നുണ്ട് .15 മിനിറ്റിൽ ഷിപ്പ് ഡോക്ക് ചെയ്ത സ്ഥലത്തെത്തി .
ഡിന്നർ -ജുനോ
ഷിപ്പിന് മുന്നിൽ വെച്ച് ഒരു ഫോട്ടോ എടുക്കാനായി തപ്പിയപ്പോൾ ധനുവിന്റെ മൊബൈൽ ഫോണ്‍ കാണുന്നില്ല.സമയം 9.30 ആയി.വെപ്രാളത്തിൽ എവിടെ വെച്ചുവെന്ന് ഓര്ക്കുന്നില്ല. ബസ്സിലോ ഹോട്ടലിലോ ആവാം .കപ്പലിന്റെ കവാടത്തിൽ നിന്നിരുന്ന ഗാർഡ് ഉടനെ ലോറക്ക് വിവരം കൊടുത്തു. പേടിക്കേണ്ടന്നും,കിട്ടിയാൽ അടുത്ത ഡോക്കിൽ നാളെ എത്തിച്ചു തരാമെന്നും പറഞ്ഞു .എത്ര ആത്മാർത്ഥതയുള്ള ജനങ്ങൾ!!! ഉണ്ണി അടുത്ത ബസ്സിൽ തിരിച്ചു. ലോറ തിരഞ്ഞിട്ട് കിട്ടിയില്ല എന്ന മറുപടി വന്നു.
ഭാഗ്യത്തിന് ഫോണ്‍ റെസ്റ്റൊരണ്ടിൽ നിന്ന് കിട്ടി . അടുത്ത ബസ്സിൽ പത്ത് മണിക്ക് മുന്നേ മോൻ മടങ്ങിയെത്തി. ലോറയോട് നന്ദി പറഞ്ഞു. അങ്ങിനെ ഞങ്ങൾ ഷിപ്പ് പുറപ്പെടുന്നതിന് മുന്നേ തിരിച്ചെത്തി .ഞങ്ങളാകാം അവസാനം തിരിച്ചെത്തിയവർ!!! വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയ നിമിഷങ്ങൾ .
പിറ്റേ ദിവസം വെളുപ്പിനെ അലാറം വെച്ച് ഉണർന്നു .ഇന്ന് യാത്ര Glacier Bay National Park ലൂടെ യാണ് .7.30 മണിക്ക് ഇവിടെത്തെ rangers ആയി ഒരു സമ്മേളനമുണ്ടായിരുന്നു.അവർ തലേ ദിവസം രാത്രി തന്നെ ബോട്ടിൽ വന്ന് ഞങ്ങളുടെ കപ്പലിൽ കയറിയിരുന്നു.ഗ്ലേഷിയർ ബേ നാഷണൽ പാർക്കിനെ കുറിച്ചും ,അവിടെ കാണാൻ കഴിയുന്ന വന്യമൃഗങ്ങളെ കുറിച്ചും അവർ സന്ദർശകർക്ക് മനസ്സിലാക്കി തന്നു .
കട്ടിയുള്ള ജാക്കറ്റും ,തൊപ്പിയും,ഷൂസ് ഒക്കെ വീണ്ടും ധരിച്ചു. ഗ്ലേഷിയറുകളുടെ മുന്നിലൂടെ ഷിപ്പ് . കടന്ന് പോകുമ്പോൾ ഡെക്കിൽ നല്ല തണുപ്പ് കാണും .
ഇത് കാണാൻ റോഡ് മാർഗം എത്താൻ വഴിയില്ലെങ്കിലും ,ഏകദേശം 400,000 സന്ദർശകർ എല്ലാ വർഷവും ക്രൂസ് ഷിപ്പ് മുഖേന ഇവിടെ എത്തിച്ചേരുന്നു !!!!.ഞങ്ങളുടെ യാത്രയുടെ ഹൈ ലൈറ്റർ ഈ നാഷണൽ പാർക്ക് ആണ് .
കടലിലേക്ക് ഒഴുകുന്ന 11 ഗ്ലേഷിയർ ആണ് ഈ നാഷണൽ പാർക്കിൽ ഉള്ളത്.മഞ്ഞു മൂടിയ പർവ്വതശ്യംഗത്തിൽ നിന്ന് താഴേക്കൊഴുകി ഉറഞ്ഞു കിടക്കുന്ന ഈ ഹിമപിണ്ഡങ്ങൾ എത്ര കൗതുക മുണർത്തുന്നതാണ് .
ഈ നാഷണൽ പാർക്കിൽ പല വന്യ മൃഗങ്ങളേയും കാണാൻ കഴിയുമത്രെ.grizzly bear,black bear,moose,mountain goat...തുടങ്ങിയവയാണ് പ്രധാനമായി.പിന്നെ വെള്ളത്തിൽ harbor seals, sea-lions, dolphins, humpback whale,salmon...തുടങ്ങിയവയും. ഹാർബർ സീലുകളേയും ,സാൽമൻ മത്സങ്ങളെയും ഞങ്ങൾക്ക് അടുത്ത് കാണാൻ കഴിഞ്ഞു. .
ഷിപ്പ് John Hopkins , Margerie, Grand pacific എന്നീ ഗ്ലേഷിയറുകൾക്ക് അരികിലൂടെയാണ് കട ന്ന് പോയത് .
ജോണ്‍ ഹോപ്കിൻസ് ഗ്ലേഷിയർ
ഷിപ്പ് ജോണ്‍ ഹോപ്കിൻസ്ന് മുന്നിൽ നിർത്തി. വലത് വശത്തായി കാണുന്ന മഞ്ഞു മൂടിയ പാറക്കെട്ടുകൾ ഈ ഗ്ലേഷിയറിന്റെ അഴക് വർദ്ധിപ്പിച്ചു.ഏതാണ്ട് ഒന്നര കിലോമീറ്റർ വീതി യും 250 അടി ഉയരവും ഇതിനുണ്ട് . മഞ്ഞു കട്ടികളും ,പാറക്കല്ലുകളും ഒക്കെ ചേർന്ന് ലയിച്ച് വിവിധ നിറങ്ങൾ അതിൽ പ്രതിഫലിക്കുന്നുണ്ട് .ഗ്രേ ,ബ്ലൂ ,വൈറ്റ് ...അതിമനോഹരം .
ഐസ് ബെർഗ് -മുകളിൽ ,ഹാർബർ സീൽ
ഈ ഗ്ലേഷിയറിൽ ധാരാളം calving [ഹിമാക്കട്ടികൾ ഉടഞ്ഞ് പ്രവഹിക്കുക ]നടക്കുന്നതിനാൽ ഷിപ്പ് കുറച്ചകലെയാണ് നിർത്തിയിരിക്കുന്നത്. പിളർന്ന മഞ്ഞുകട്ടികൾ വെള്ളത്തിൽ ഒഴുകി നടക്കുന്നത് കാണാൻ വളരെ ഭംഗിയുണ്ട്.വെളുത്ത അരയന്നങ്ങൾ പോലെ ചിറക് വിരിച്ച്. . തണുപ്പിൽ നിന്ന് ആശ്വാസം നൽകാനാവാം ചൂടുളള സൂപ്പ് ഡെക്കിൽ സെർവ് ചെയ്തു.
ഗ്ലേഷിയറിന്റെ പ്രതലം
അടുത്ത ഗ്ലേഷിയർ ,മാർജെറി ആന്ന് .ഇതിന്റെ വളരെ അടുത്തായി ഷിപ്പ് നിർത്തി.സ്പടികം തകർന്ന് ചിതറിയത് പോലെയാണ് അതിന്റെ പ്രതലം.പച്ച-നീല നിറത്തിൽ പരന്നു കിടക്കുന്ന ഒന്നര കിലോമീറ്റർ വീതിയുള്ള മാർജെറി ഗ്ലേഷിയറിന്റെ ഭംഗി വർണ്ണിക്കാൻ എന്റെ കൈയ്യിൽ വാക്കുകൾ ഇല്ല. എന്തൊരു മാസ്മര ദൃശ്യമാണെന്നോ ഇത് . മഞ്ഞു പാളികൾ പൊട്ടിച്ചിതറി വെള്ളത്തിൽ വീഴുന്ന കാഴ്ച്ച കാണാൻ കഴിഞ്ഞു . ഭൂമി കുലുങ്ങുന്ന ശബ്ദത്തോടെ.
ഗ്ലേഷിയർ മാർജെറി -ഷിപ്പ് ഡെക്ക്
ഈ യാത്രയിലെ അനുഭവങ്ങൾ അതുല്യമാണ് .ആശ്ചര്യജനകവും .നാളെ യാത്ര അലാസ്കയുടെ അടുത്ത നഗരമായ ആയ Skagway യിലേക്കാന്ന്.
click here to watch Mendenhall Glazier-Alaska
click here to watch Restaurant of Cruise Ship
click here to watch Glacier Bay National Park-Alaska
[തുടരും]
-
No comments:
Post a Comment