Saturday, March 5, 2011

വൈനറി ടൂറും, നയാഗ്ര വെള്ളച്ചാട്ടവും


അമേരിക്കായാത്രക്ക് ശേഷം ടൊറോണ്ടോവിലെ വീട്ടില്‍ മടങ്ങിയെത്തി രണ്ടു ദിവസ്സം വിശ്രമിച്ചു. ഞാനും Mdsഉം  കൂടി ,വീടിന്റെ ചുറ്റുവട്ടത്തുള്ള സൂപ്പര്‍മാര്‍ക്കറ്റൊക്കെ നടന്ന് കണ്ടു.അത്യാവശ്യം വീട്ടുസാധനങ്ങളും വാങ്ങാന്‍ പഠിച്ചു.പലപ്പോഴും ഉച്ചഭക്ഷണം പുറമെ നിന്ന് കഴിച്ചാണ് തിരിച്ച് വരുന്നത്..

Mds നാണെങ്കില്‍ പുറത്ത് പോയാല്‍ ഉടനെ കാപ്പി കുടിക്കണം.പോകുന്ന വഴിയിലുള്ള  Star Bucks ല്‍ ഞങ്ങള്‍ കാപ്പികുടിക്കാന്‍ കയറി.അവരുടെ ലിസ്റ്റില്‍ കേട്ടുപരിചയമില്ലാത്ത പല പേരുകളും ഉണ്ട്.രണ്ട് Coffee Frappuccino ഓര്‍ഡര്‍ ചെയ്തു.സെല്‍ഫ് സെര്‍വീസ് ആണ്.

കുറച്ച് കഴിഞ്ഞപ്പോള്‍ caramel frappuccino എന്ന് വിളിച്ചു പറയുന്നത് കേട്ടു.ഇത് ഞങ്ങളുടെയാണോ എന്ന് അന്വേഷിച്ചു.അതെ എന്ന് മറുപടി കിട്ടി.പെരെന്തേ മാറിപ്പോയത് എന്ന് സംശയം തോന്നി.എന്തായാലും  നല്ല സ്വാദുള്ള  കാപ്പി .അവര്‍ വന്ന് ചോദിച്ചു-ആര്‍ യു ഓള്‍ റൈറ്റ്? ഞങ്ങള്‍ പറഞ്ഞു-യെസ്. കാപ്പി കുടിച്ച് പോകാന്‍ ഇറങ്ങിയപ്പോള്‍ അവര്‍ വന്ന് രണ്ട് കൂപ്പണുകള്‍ ഞങ്ങള്‍ക്ക് തന്നു.അടുത്ത തവണ രണ്ടു പേര്‍ക്കും ഫ്രീ ആയി കാപ്പി കുടിക്കാനുള്ളത്. പേര് മാറി കോഫി തന്നതിന് പരിഹാരമാണത്. ഞങ്ങള്‍ക്ക് അത്ഭുതം തോന്നി. ഇത്രയും ആതിഥ്യമര്യാദയോ?!!

ടൊറോണ്ടോവിലേക്ക് യാത്ര പുറപ്പെട്ടപ്പോള്‍ മനസ്സില്‍ ആഗ്രഹിച്ചത് ഒന്ന് മാത്രമാണ്.ലോകപ്രസിദ്ധമായ നയാഗ്ര വെള്ളച്ചാട്ടം കാണണം.ഒരു ഞായറാഴ്ച്ച ഞങ്ങള്‍ ഒരുങ്ങി.ടൊറോണ്ടോവില്‍ നിന്ന് 121കി.മി ദൂരമുണ്ട്.വഴി പറഞ്ഞു തരാന്‍  കാറില്‍ കൂടെ  GPS സുന്ദരിയുണ്ട്.അതിനാല്‍ ആരോടും ചോദിക്കാതെ ഇടവും വലവും തിരിഞ്ഞു.വഴിയില്‍ പല തരം orchardകള്‍ കണ്ടു. പ്ലം,പീച്ച്,മുന്തിരിത്തോപ്പുകള്‍....പൊള്ളുന്ന വെയിലത്ത് മനസ്സിനെ തണുപ്പിക്കുന്ന  കാഴ്ച്ച.

 വഴിയില്‍ പല വൈനറികള്‍ ഉണ്ട്.ഞങ്ങള്‍ കനഡായിലെ പ്രസിദ്ധ വൈനറിയായ,Peller Estates കാണാന്‍ തീരുമാനിച്ചു.മുന്നില്‍  പുല്‍ത്തകിടില്‍ ,പുല്ലുകൊണ്ട് വെട്ടിയുണ്ടാക്കിയ മുയല്‍ രൂപങ്ങള്‍ കൌതുകമുള്ളതായിരുന്നു. പെല്ലെര്‍ എസ്റ്റേറ്റില്‍ ഇറങ്ങിയപ്പോള്‍ മനസ്സിലായി വിനോദസഞ്ചാരികള്‍ക്കായി  അവിടെ ഒരു വൈനറി ടൂര്‍ തന്നെയുണ്ടെന്ന്.ഞങ്ങള്‍ അതിനായി ടിക്കറ്റ് എടുത്തു.ഏതാണ്ട് 25 പേരുണ്ട് ഈ ഗ്രൂപ്പില്‍.





                                                                       Peller Estates

മെലിഞ്ഞു നീണ്ട  ഒരു പെണ്‍കുട്ടിയായിരുന്നു ഞങ്ങളുടെ ടൂര്‍ ഗൈഡ്.എല്ലാവരും സ്വയം പരിചയപ്പെടുത്തി.പിന്നീട് അവള്‍ ഞങ്ങളെ കണ്ണെത്താത്ത ദൂരത്തില്‍ പരന്ന് കിടക്കുന്ന  മുന്തിരിത്തോട്ടത്തിലേക്ക് നയിച്ചു. നിവര്‍ന്ന കൊമ്പുകളില്‍ പടര്‍ന്നു കയറുന്ന മുന്തിരിവള്ളികള്‍. അതില്‍ പിറന്നുവീണ അനേകം  മുന്തിരിക്കുലകള്‍.പഴുത്ത മുന്തിരികള്‍ നിറഞ്ഞ ഈ തോട്ടം കാണാന്‍ എത്ര ഭംഗിയാവും. ഗൈഡ് മുന്തിരി പറിക്കുന്ന സമയത്തെ [സെപ്തംബര്‍-നവംബെര്‍] ക്കുറിച്ചും,ഐസ്സ് വൈന്‍ ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും  വിവരിക്കുന്നുണ്ട്.

ഐസ് വൈന്‍ ഉണ്ടാക്കാനായി എറ്റവും തണുപ്പുള്ള സമയത്ത് [പുലര്‍ച്ച 5മണി] വേണമത്രെ മുന്തിരി പറിക്കാന്‍. ഈ മരവിച്ച മുന്തിരി പ്രെസ്സ് ചെയ്യുമ്പോള്‍ ഒരു തുള്ളി ജൂസ്സ് ആണ് ഓരോ മുന്തിരിയില്‍ നിന്നും കിട്ടുന്നതത്രെ. അതിനാല്‍ ICE WINE വളരെ വിലപിടിച്ചതാണ്.നല്ല മധുരമുള്ള ഈ വൈന്‍ ഭക്ഷണത്തിന് ശേഷം ഒരു മധുരം  പോലെയാണ്  കഴിക്കാറ്.
\

                                                വൈന്‍യാര്‍ഡിന് മുന്നില്‍




                                                               Winery tour


പിന്നീട് വൈന്‍ സംഭരിച്ചുവെച്ച ,ഓക്ക് ബാരലുകള്‍ നിറഞ്ഞ സ്റ്റോര്‍ റൂമിലേക്ക് ഞങ്ങളെ കൊണ്ടുപോയി.അവിടെ നിരനിരയായി ഓക്ക് ഡ്രമ്മുകള്‍ അടക്കി വെച്ചിട്ടുണ്ട്.ഫെര്‍മെന്റേഷന് ശേഷം വൈന്‍ ,ഓക്ക് ഡ്രമ്മുകളിലേക്ക് മാറ്റുന്നു.ഓക്ക് മരത്തിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ വൈന് പ്രത്യേകമായ രുചിയും മണവും പകര്‍ന്നുകൊടുക്കുന്നു.3-6 മാസം വരെയാണ് സാധാരണ ഈ ഡ്രമ്മുകളില്‍ സൂക്ഷിക്കാണ്.

ഇനി പലതരം വൈന്‍ രുചിച്ചു നോക്കേണ്ടെ സമയമാണ്.ഗൈഡ് വൈന്‍ കുടിക്കേണ്ട രീതി വിവരിച്ചു തന്നു.എല്ലാവരും ഒന്നൊന്നായി പലതരത്തിലുള്ള വൈന്‍ ടേയ്സ്റ്റ് ചെയ്തു.  മുന്തിരിയുടെ ഗുണമനുസ്സരിച്ച് വൈനിന്റെ സ്വാദിനും വ്യത്യാസം വരും. പിന്നിട് അവര്‍ ഞങ്ങളെ വിവിധതരം വൈനുകള്‍ വില്‍ക്കുന്ന, മനോഹരമായി അലങ്കരിച്ച  വൈന്‍ സ്റ്റോറിലേക്ക് അനുഗമിച്ചു.അവിടത്തെ സുവിശേഷമായ ഐസ് വൈന്‍ ഞങ്ങള്‍ ഒരെണ്ണം വാങ്ങി.

വിശപ്പും,ദാഹവും ഞങ്ങളെ അലട്ടി  തുടങ്ങി.പക്ഷേ ഇവിടെയുള്ള  റെസ്റ്റോറെന്റില്‍ നിന്ന് കഴിച്ചാല്‍ പിന്നെ പോക്കറ്റില്‍ ചില്ലറ പോലും മിച്ചം കാണില്ല.അതിനാല്‍ അവിടെ നിന്ന് യാത്രയായി.





                                                                    Wine store

നയാഗ്ര എത്തുമ്പോള്‍ വൈകുന്നേരമായി.നയാഗ്രയുടെ ഗര്‍ജ്ജനം അകലെ നിന്ന് തന്നെ കേല്‍ക്കാം.ഒച്ചയുണ്ടാക്കി താഴേക്ക് കുതിക്കുന്ന ഈ വെള്ളച്ചാട്ട നിരകളുടെ കമനീയതയെ വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.ഗ്ലേഷിയര്‍ ഉരുകുമ്പോള്‍ മുകളിലുള്ള Great Lake നിറഞ്ഞ് കവിഞ്ഞ്  ,170അടിയില്‍ കൂടുതല്‍  താഴേയുള്ള നയാഗ്ര നദിയില്‍ വീഴുന്നു.കനഡായുടെ Ontario പ്രോവിന്‍സ്സിന്റേയും,അമേരിക്കായുടെ സംസ്ഥാനാ‍മായ ന്യൂയോര്‍ക്കിന്റേയും ഇടയിലായുള്ള  അന്തര്‍ദേശീയ പരിധിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.


                                                                     American Falls

അസാമാന്യമായ വീതിയും ഉയരവും ഉള്ള ഒരു അത്ഭുത പ്രതിഭാസം എന്നു തന്നെ ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് വിശേഷിപ്പിക്കാം.


                                                                Horse Shoe Falls


ഈ വെള്ളച്ചാട്ടത്തിന് രണ്ട് ഭാഗങ്ങളുണ്ട്.Horse Shoe Fallsഉം,American Fallsഉം.ഇടയിലുള്ള തുരുത്ത് Goat Island എന്ന പേരില്‍ അറിയപ്പെടുന്നു.Horseshoe Falls കനഡായില്‍ ആണ്.അമേരിക്കന്‍ ഫോള്‍സ്സ് അമേരിക്കായുടെ ഭാഗത്തും.



താഴെയുള്ള ഫോട്ടോവില്‍ അമേരിക്കന്‍ ഫോള്‍സ്സിനടുത്ത് താഴേക്കിറങ്ങുന്ന മഞ്ഞ  റെയിന്‍  കോട്ടിട്ട  അമേരിക്കന്‍  വിനോദ സഞ്ചാരികളെ കാണാം.


                                           വലത്ത് വശത്ത്-Bridal Veil Falls

നയാഗ്ര നദിയില്‍,വെള്ളച്ചാട്ടത്തിന്റെ തൊട്ടു താഴെ വരെ പോകാനുള്ള ബോട്ട് ടൂര്‍ ഉണ്ട്.‘Maid of the Mist’ എന്ന് നാമകരണം ചെയ്ത ഈ ടൂറിനായി ഞങ്ങള്‍ ആവേശത്തോടെ ക്യൂവില്‍ നിന്നു. എല്ലാവര്‍ക്കും ‘മെയ്ഡ് ഓഫ് ദ മിസ്റ്റ്’എന്നെഴുതിയ നീലനിറത്തിലുള്ള റെയിന്‍-കോട്ട് ധരിക്കാന്‍ തന്നു.


                                                      Maid Of The Mist Boat Tour

നദിയുടെ ശാന്തമായ ഭാഗത്തുനിന്ന് തുടങ്ങിയ ഈ ടൂര്‍,ആദ്യം അമേരിക്കന്‍ ഫോള്‍സ്സ് വഴി കൊണ്ടുപോയി.അമേരിക്കന്‍ ഫാള്‍സ്സിന് താഴെ ധാരാളം പാറക്കെട്ടുകളുണ്ട്.ചുറ്റും പറക്കുന്ന അനേകം സീഗള്‍ പക്ഷികള്‍. അവിടെ കണ്ട വൃത്താകൃതിയിലുള്ള മഴവില്ല് വിസ്മയജനകമാണ്. അമേരിക്കന്‍ ഫോള്‍സ്സിന്റെ ഒരു ഭാഗമായ Bridal Veil Falls ,നവവധുവിന്റെ തൂവെള്ള തട്ടം പോലെ അതിമനോഹരമാണ്.

                                                                                                             





പിന്നീട് ബോട്ട് ഹോര്‍സ്ഷൂ ഫോള്‍സ്സിന്റെ അടുത്തേക്കൊഴുകി. നദിയുടെ ഭാവം മാറിത്തുടങ്ങിയിരിക്കുന്നു.-സൌമ്യതയില്‍ നിന്ന്  ക്രോധത്തിലേയ്ക്ക്. വെള്ളച്ചാട്ടം സൃഷ്ടിച്ച ഓളങ്ങളുടെ താളത്തിനൊത്ത് ബോട്ട്  ആടിത്തുടങ്ങി.. വെള്ളം ശക്തിയോടെ താഴേയ്ക്ക്  പതിക്കുമ്പോള്‍ മുകളിലേക്ക് ഉയരുന്ന  മൂടല്‍ മഞ്ഞുപൊലെയുള്ള  mist. അടുത്തെത്താറായപ്പോള്‍ കിട്ടിയ mist spray രോമാഞ്ചമണിയിക്കുന്നതായിരുന്നു.   ആകസ്മികമായി പെയ്ത ആ പെരുമഴയില്‍ ഞങ്ങളെല്ലാവരും കുളിച്ചു.  . എല്ലാവരും ശരിക്കും ആസ്വദിച്ചു.


ബോട്ട് ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തി എല്ലാവരും റെയിന്‍കോട്ട് അഴിച്ചു. ആവശ്യമുള്ളവര്‍ക്ക്   ഈ  യാത്രയുടെ  സ്മരണക്കായി റെയിന്‍കോട്ട്   ഏടുക്കാമെന്ന് പ്രഖ്യാപിച്ചതിനാല്‍ അത് മടക്കി ഞാന്‍ കയ്യില്‍ വെച്ചു.മനസ്സിനെ  കോരിത്തരിപ്പിച്ച  ഈ അനുഭവത്തിന്റെ ഓര്‍മ്മയ്ക്കായി  ഒരു  Souvenir .


                                                           Maid Of The Mist Tour
 .



മുകളില്‍ കേറുന്നതിനിടയില്‍ ഭക്ഷണശാല കണ്ടു.വെള്ളച്ചാട്ടത്തിന്റെ  ഉര്‍ജ്ജവും,ഈണവും,ഭംഗിയും  ഉള്‍ക്കൊണ്ട് ഞങ്ങള്‍  ഡിന്നര്‍ കഴിച്ചു.എവിടേ നിന്നാണ് ഇത്രയും നിലക്കാത്ത പ്രവാഹം ഉത്ഭവിക്കുന്നത്???!!!




                                                             Niagara at Night


 പിന്നിട്  മുകളില്‍ കയറി അരുകിലൂടെ നയാഗ്രയുടെ മിസ്റ്റ് ആസ്വദിച്ച് കുറേ ദൂരം നടന്നു.  ഇവിടെ എല്ലായിപ്പോഴും പെയ്യുന്ന കുളിര്‍ മഴ ഉന്മേഷം പകരുന്നതാണ്.അവിടെ കണ്ട  ഒട്ടുമുക്കാലും വിനോദസഞ്ചാരികള്‍  ഇന്ത്യക്കാരായിരുന്നു എന്നത് എന്നില്‍  അതിശയം ഉണ്ടാക്കി..


 നേരം ഇരുട്ടിയപ്പോള്‍ പുറത്ത് ഉയര്‍ന്നു നില്‍ക്കുന്ന സ്റ്റേജില്‍, ലൈവ് മ്യൂസിക്ക് സജീവമായി.പല പ്രസിദ്ധ  മ്യുസിഷ്യന്‍സും  ഇവിടെ പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്. മുന്നിലായി വലിയ കസിനോയും,പല റെസ്റ്റോറെന്റുകളും ഉണ്ട്.പലനിറത്തിലുള്ള ശക്തമായ ഫ്ലാഷ് ലൈറ്റുക്കള്‍ പുറമെനിന്ന് നയാഗ്രയിലേക്ക് കേന്ദ്രീകരിച്ചിരുന്നതിനാല്‍ ഇരുട്ടില്‍ ഇത് കൂടുതല്‍ രമണീയമായി.നീലയും,പച്ചയും,ചുവപ്പും നിറങ്ങള്‍ മാറി മാറി പ്രതിഫലിക്കുന്ന നയാഗ്ര കണ്ട് എത്ര നേരം വേണമെങ്കിലും ഇരിക്കാം. ഇവിടെ എന്നും ഉത്സവകാലമാണ്.

മനസ്സ് നിറഞ്ഞു.ഇനി വീട്ടിലേക്ക് മടങ്ങാം.

ഈ   ലിങ്കില്‍   ക്ലിക്ക് ചെയ്താല്‍ നയാഗ്ര വീഡിയോ കാണാം.